എറണാകുളം: അടിസ്ഥാന വിദ്യാഭ്യാസത്തിന് മുന്‍നിരയിലുള്ള സംസ്ഥാനമായ കേരളത്തില്‍ തൊഴില്‍ ക്ഷമത അഥവ എംപ്ലോയബിലിറ്റി വര്‍ധിപ്പിക്കുന്ന കോഴ്സുകളാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. പെട്രോനെറ്റ് എല്‍.എന്‍.ജി ഫൗണ്ടേഷനുമായി സഹകരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കല്‍സ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (സിപെറ്റ്) നടത്തിയ തൊഴിലധിഷ്ഠിത കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ജോബ് ഓഫര്‍ ലെറ്ററും നല്‍കി സംസാരിക്കുകയായിരുന്നു കളക്ടര്‍. ‘നൈപുണ്യം’ പദ്ധതിയിലൂടെ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ജോബ് റോളുകളിലേക്ക് ഇരുന്നൂറു വിദ്യാര്‍ത്ഥികളുടെ തൊഴില്‍ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായി കളക്ടര്‍ അഭിപ്രായപ്പെട്ടു. പ്രായോഗിക പരിശീലനത്തിലൂടെ തൊഴില്‍ നേടുവാന്‍ പ്രാപ്തരാക്കുന്ന സിപെറ്റിന്റെ പ്രവര്‍ത്തനങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു.