ഇനി ജ്വലിക്കുന്ന ഓര്‍മ്മ.. നെടുമുടി വേണുവിന് ഔദ്യോ​ഗിക ബഹുമതികളോടെ യാത്രാ മൊഴി നല്‍കി കേരളം

Share

തിരുവനന്തപുരം: അന്തരിച്ച കലാകാരൻ നെടുമുടി വേണുവിന്റെ (Nedumudi Venu) സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ (Thycaud Santhikavadam) ഔദ്യോഗിക ബഹുമതികളോടെ നടന്നു.

രാവിലെ അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എംബി രാജേഷ് അടൂർ ഗോപാലകൃഷ്ണൺ തുടങ്ങി കലാ- സാസ്കാരിക – രാഷ്ട്രീയ മേഖലയിലെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു.

സഹപ്രവർത്തകർ അദ്ദേഹത്തിന് ഗാനാഞ്ജലി ഒരുക്കി. ഇന്നലെ രാത്രി വൈകി നെടുമുടി വേണുവിൻറെ വട്ടിയൂർക്കാവിലെ വീട്ടിലെത്തി മമ്മൂട്ടിയും മോഹൻലാലും ആദരാഞ്ജലി അർപ്പിച്ചിരുന്നു. കലാഭവൻ തിയറ്ററിൽ ഇന്ന് അനുസ്മരണ സമ്മളനം നടക്കും.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ചായിരുന്നു ഇന്നലെ അദ്ദേഹത്തിന്റെ അന്ത്യം. ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

നിരവധി സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. ഒരു ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് നെടുമുടി വേണുവിന്റെ വിയോഗത്തോടെ ചലച്ചിത്ര ലോകത്തിന് നഷ്ടമായത്.

1948 മെയ് 22-ന് കുട്ടനാട്ടിലാണ് കെ.വേണുഗോപാൽ എന്ന നെടുമുടി വേണുവിന്റെ ജനനം. ആലപ്പുഴ ജില്ലയിലെ നെടുമുടിയാണ് അദ്ദേഹത്തിന്റെ ജന്മദേശം. സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനാണ്.

നെടുമുടിയിലെ എൻ‌.എസ്‌.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ആലപ്പുഴ എസ്. ഡി കോളേജിൽ പഠിക്കുന്ന കാലത്ത് സംവിധായകൻ ഫാസിലുമായുണ്ടായ സൗഹൃദം നടനെന്ന നിലയിൽ നെടുമുടി വേണുവിന്റെ സിനിമാ ജീവിതത്തിൽ നി‍ർണായകമായി മാറി.

കലാകൗമുദിയിൽ പത്ര പ്രവർത്തകനായും പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ച വേ​ണു​ഗോപാൽ പിന്നീട് നാടകരംഗത്ത് സജീവമായി. ഇക്കാലയളവിലാണ് വേണു​ഗോപാൽ എന്ന പേരിന് പകരം നെടുമുടി വേണു എന്ന സ്ഥിരം വിലാസത്തിലേക്ക് അദ്ദേഹം മാറുന്നത്. നാടകത്തിൽ സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്.