ഇത് ഇടത് നയം: ഖേദംപ്രകടിപ്പിച്ചില്ല, പ്രസ്താവനയിൽ ഉറച്ച് മുഹമ്മദ് റിയാസ്; പിന്തുണയുമായി കെപിസിസി അധ്യക്ഷൻ

Share

കരാറുകാരെ കൂട്ടി എംഎൽഎമാർ കാണാൻ വരരുതെന്ന പ്രസ്താവനയിന്മേൽ എംഎൽഎമാരുടെ യോഗത്തിൽ ഒരാൾ പോലുംതനിക്ക് എതിരെ ആരോപണം ഉന്നയിച്ചിട്ടുമില്ല, താൻ എവിടെയും ഖേദം പ്രകടിപ്പിച്ചിട്ടുമില്ല, പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ്.

ചില കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മിൽ ബന്ധവും തട്ടിപ്പും അഴിമതിയും ഉണ്ട്. ചില കരാറുകാരുടെ ഇത്തരം നീക്കങ്ങൾക്ക് ചില ഉദ്യോഗസ്ഥർ സഹായം നൽകുന്നു എന്ന് വിമർശനങ്ങൾ ഉയരുന്നതിനിടെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് വീണ്ടും ആവർത്തിച്ചു.

എന്നാൽ സിപിഎംൽ നിന്നും വിമർശനങ്ങൾ ഉയരുന്നതിനിടെ ഒറ്റപ്പെട്ട ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ എത്തി.

കരാറുകാരെക്കൂട്ടി മന്ത്രിയെ കാണുന്നത് അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണെന്ന് സുധാകരൻ പറഞ്ഞു. ഇക്കാര്യത്തിൽ മുഹമ്മദ് റിയാസിന് പൂർണ പിന്തുണ നൽകുന്നതായും സുധാകരൻ പറഞ്ഞു.

റിയാസ് പറഞ്ഞത് സത്യമായ കാര്യമാണ്. എംഎൽഎമാർ കോൺട്രാക്ടർമാരെ കൂട്ടി മന്ത്രിയെ കാണുന്നത് ശരിയല്ല. അവിഹിതമായ കാര്യങ്ങൾ നടത്തിയെടുക്കാനാണ് ഇങ്ങനെ ചെയ്യുന്നത് – സുധാകരൻ പറഞ്ഞു.

അതേസമയം മന്ത്രി റിയാസിൻ്റെ വാക്കുകൾ അടർത്തിയെടുത്ത് വാർത്തയുണ്ടാക്കുകയാണ് മാധ്യമങ്ങളെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ വിമർശിച്ചു. സിപിഎം നിയമസഭാ കക്ഷിയോഗത്തിൽ റിയാസിനെ ഷംസീർ വിമർശിച്ചെന്ന വാർത്തയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും വിജയരാഘവൻ ഒഴിഞ്ഞുമാറി.

ഷംസീറുമായി ബന്ധപെട്ട ചോദ്യങ്ങൾ വേണ്ടന്ന് പറഞ്ഞ വിജയരാഘവൻ മുഹമ്മദ് റിയാസ് പറഞ്ഞതിൽ നിന്നും വാക്കുകൾ അടർത്തിയെടുത്ത് മാധ്യമങ്ങൾ വാർത്ത ഉണ്ടാക്കുകയാണെന്നും കുറ്റപ്പെടുത്തിയത്.
റിയാസ് പറഞ്ഞത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പൊതുസമീപനമാണെന്നും പൊതുനിലപാടിന് അനുസൃതയാണ് മന്ത്രിയുടെ പ്രതികരണമെന്നും വിജയരാഘവന്‍ പറഞ്ഞു.

സര്‍ക്കാരും മന്ത്രിമാരുടെ ഓഫീസും എങ്ങനെ പ്രവര്‍ത്തിക്കണമെന്നത് സംബന്ധിച്ച് വ്യക്തമായ സമീപനം സിപിഎമ്മിനുണ്ട്. ശുപാര്‍ശകളില്ലാതെ തന്നെ കാര്യങ്ങള്‍ വേഗത്തില്‍ നടക്കണമെന്നാണ് പാര്‍ട്ടിയുടെ സമീപനം. ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

എന്നാൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു. നിയമസഭയിലെ മന്ത്രിയുടെ പരാമർശം ജനപ്രതിനിധികളെപ്പറ്റി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നിയമസഭാ കക്ഷി യോഗത്തിൽ പാർട്ടി എംഎൽഎമാർ മുഹമ്മദ് റിയാസിനെതിരെ തിരിഞ്ഞത്.

തലശ്ശേരി എംഎൽഎ എഎൻ ഷംസീറായിരുന്നു വിമർശനത്തിന് തുടക്കമിട്ടത്. പിന്നാലെ അഴീക്കോട് എംഎൽഎ കെവി സുമേഷും കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രനും വിമർശനവുമായി രംഗത്തെത്തുകയായിരുന്നു.

മണ്ഡലത്തിലെ വിവിധങ്ങളായ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാർക്ക് കരാറുകാർ അടക്കമുള്ളവരുമായി ബന്ധപ്പെടേണ്ടി വരും. ചിലപ്പോൾ അവരുമായി മന്ത്രിമാരെ കാണേണ്ടിയും വരും. ഇതിൽ തെറ്റായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമർശം നിയമസഭ പോലുള്ള വേദിയിൽ വെച്ച് മന്ത്രിയിൽ നിന്ന് ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നാണ് നിയമസഭാ കക്ഷി യോഗത്തിൽ ഉയർന്ന പൊതുവികാരം.

എംഎൽഎമാർ വിമർശനം ആവർത്തിച്ചതോടെ നിയമസഭാ സെക്രട്ടറി ടിപി രാമകൃഷ്ണൻ ഇടപെടുകയായിരുന്നു. തുടർന്ന്, തന്റെ പരാമർശം തെറ്റായ ഉദ്ദേശത്തിലല്ലെന്ന് വിശദീകരിച്ച മന്ത്രി പിഴവ് സംഭവിച്ചതിൽ പരോക്ഷമായി ഖേദപ്രകടനവും നടത്തി.