‘സസ്നേഹം തൃശൂർ’ സംസ്ഥാനത്തിന് മാതൃക: ആർ ബിന്ദു

Share

തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെ സസ്നേഹം തൃശരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്നേഹം ത്യശൂർ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിയാണ് സസ്നേഹം തൃശൂരെന്നും ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളെ ഏകോപിപ്പിക്കാനായാൽ തന്നെ വലിയ മാറ്റം സമൂഹത്തിലുണ്ടാക്കാനാകും. ഭിന്നശേഷി വിഭാഗത്തിന് തൊഴിലും വിദ്യാഭ്യാസവും നൽകി പുനരധിവസിപ്പിക്കുക എന്നത് പ്രധാനമാണ്. മുഴുവൻ ഭിന്നശേഷി യുവതി – യുവാക്കൾക്കും തൊഴിൽ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോർക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവർക്ക് ചെയ്യാൻ സാധിക്കുന്ന തൊഴിലിൽ പരിശീലനം നൽകി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാൻ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യുന്ന തൊഴിൽ കാർഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണർ അങ്കിത് അശോകൻ എന്നിവർ വിതരണം ചെയ്തു. ഏഴുപേർക്കാണ് തൊഴിൽ കാർഡ് വിതരണം ചെയ്തത്.