‘പാര്‍ട്ടി ഓഫീസ് തൊടാന്‍ ഒരു പുല്ലനേയും അനുവദിക്കില്ല’; റവന്യു വകുപ്പിന് എതിരെ ആഞ്ഞടിച്ച് എംഎം മണി | MM MANI | IDUKKI MUNNAR

Share

ഇടുക്കി: രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യു വകുപ്പിന്റെ ഉത്തരവിനെതിരേ എതിര്‍പ്പുമായി മുൻമന്ത്രി എംഎം മണി. ഉത്തരവ് പ്രകാരം വന്‍കിടക്കാര്‍ സ്വന്തമാക്കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്യുമ്പോള്‍ ഒപ്പം സിപിഎം ഓഫീസിന് നല്‍കിയ പട്ടയവും റദ്ദ് ചെയ്യേണ്ടി വരും.

പാര്‍ട്ടി ഓഫീസ് അവിടെ അങ്ങനെ തന്നെ നില്‍ക്കുമെന്നും ഒരാളെയും തൊടാന്‍ അനുവദിക്കില്ലെന്നും എംഎം മണി പ്രതികരിച്ചു. പട്ടയമേള നടത്തി വിതരണം ചെയ്ത പട്ടയങ്ങള്‍ ഇപ്പോള്‍ റദ്ദ് ചെയ്യുന്നത് എന്തിനാണെന്ന് റവന്യു മന്ത്രിയും വകുപ്പും വ്യക്തമാക്കട്ടേയെന്നും ഉടുംബൻചോല എം.എൽ.എ . കൂടിയായ മണി പറഞ്ഞു.

ഉത്തരവ് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജനങ്ങള്‍ തെരുവിലിറങ്ങും. അവര്‍ കോടതിയിലേക്ക് പോകുകയോ പ്രക്ഷോഭം നടത്തുകയോ ചെയ്യട്ടെ. വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനം.

ജനങ്ങള്‍ വെറുതെ പട്ടയം വാങ്ങിയതല്ല. മേള നടത്തി, പൈസ അടച്ച് വാങ്ങിയതാണ് പട്ടയങ്ങളെന്നും അദ്ദേഹം പറഞ്ഞു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ നടപടിയോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരവ് ബാധിക്കുക സാധാരണക്കാരെയാണെന്നും അവിടെ ഒരു വന്‍കിടക്കാരും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ പട്ടയങ്ങള്‍ റദ്ദാക്കണമെന്ന് മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് തോന്നിയില്ല.

പരിശോധിക്കേണ്ടായിരുന്നോയെന്നും അന്നൊക്കെ ഇവരെല്ലാം എവിടെയായിരുന്നുവെന്നു എംഎം മണി ചോദിച്ചു.രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കിയ സംഭവം ജനങ്ങളുടെ പ്രശ്‌നമാണെന്നും അത് ജനങ്ങള്‍ നോക്കിക്കോളുമെന്നും എം എം മണി പറഞ്ഞു.

പാര്‍ട്ടി ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. റവന്യു വകുപ്പിന്റെ ഉത്തരവിനെതിരെ എതിര്‍പ്പുമായി സിപിഐ ജില്ലാ നേതൃത്വവും രംഗത്ത് വന്നു.

രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യാനുള്ള റവന്യൂ വകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമന്‍ പറഞ്ഞു.

അര്‍ഹതപ്പെട്ടവരുടെ പട്ടയം റഗുലറൈസ് ചെയ്യുകയാണ് വേണ്ടത്. വ്യാജ പട്ടയം എന്ന് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നും ശിവരാമന്‍ പറഞ്ഞു. അര്‍ഹരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കണമെന്നതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.