തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലെ ഡിജിറ്റലൈസ് നടപടിക്രമങ്ങളെക്കുറിച്ച് പഠിക്കാനും പകർത്താനുമായി മധ്യപ്രദേശ് നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും സംഘവും കേരളത്തിൽ എത്തി.
മധ്യപ്രദേശ് സ്പീക്കറെ തൈക്കാട് ഗസ്റ്റ് ഹൗസിൽ സന്ദർശിച്ച സംസ്ഥാന നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ ഇ-നിയമസഭാ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. മധ്യപ്രദേശിൽ വർഷങ്ങൾക്ക് മുന്നേ നിയമസഭാ നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ കേരളം ഏറെ മുന്നിലാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സന്ദർശനമെന്ന് സ്പീക്കർ ഗിരീഷ് ഗൗതം അഭിപ്രായപ്പെട്ടു.
നമ്മുടെ ഇ-നിയമസഭാ നടപടികൾ പഠിക്കാൻ ഇതര സംസ്ഥാനങ്ങൾ എത്തുന്നത് കേരള മോഡലിന്റെ മറ്റൊരു ഉദാഹരണമാണെന്ന് സ്പീക്കർ ഷംസീർ ചൂണ്ടിക്കാട്ടി. ‘ഗ്രീൻ അസംബ്ലി എന്ന ലക്ഷ്യം കൈവരിക്കുകയാണ് കേരള നിയമസഭയുടെ അടുത്ത ലക്ഷ്യം, ‘ അദ്ദേഹം പറഞ്ഞു. ഇ-നിയമസഭാ നടപടിക്രമങ്ങൾ പഠിക്കാൻ മഹാരാഷ്ട്രയും തമിഴ്‌നാടും കർണാടകയും സംഘം സന്ദർശിക്കുന്നുണ്ട്.