അയല്‍ക്കൂട്ടങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്താൻ ‘ലോകോസ് മൊബൈല്‍’ ആപ്ളിക്കേഷന്‍ : എം.ബി രാജേഷ്

Share

എറണാകുളം: ഗ്രാമീണ മേഖലയിലെ അയല്‍ക്കൂട്ടങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും പ്രവർത്തനങ്ങളും രേഖപ്പെടുത്താന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ലോകോസ്’ എന്ന പുതിയ മൊബൈല്‍ ആപ്ളിക്കേഷൻ രൂപകൽപ്പന ചെയ്‌തെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കഴിഞ്ഞ 25 വർഷത്തെ പ്രവർത്തന ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക സാമ്പത്തിക സ്ത്രീ ശാക്തീകരണ രംഗത്തു കുടുംബശ്രീ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ രേഖപ്പെടുത്താന്‍ സാധിക്കുമെന്നതാണ് പുതിയ മൊബൈൽ ആപ്ലിക്കേഷന്റെ നേട്ടം. തിരഞ്ഞെടുത്ത റിസോഴ്സ് പേഴ്സണ്‍മാര്‍ മുഖേനയായിരിക്കും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. രണ്ടു വര്‍ഷത്തിനുള്ളില്‍ ഗ്രാമീണ മേഖലയിലെ എല്ലാ അയല്‍ക്കൂട്ട ഭാരവാഹികളെയും മൊബൈല്‍ ആപ്ളിക്കേഷന്‍ പരിശീലിപ്പിച്ചു വിവരങ്ങള്‍ രേഖപ്പെടുത്താന്‍ സജ്ജമാക്കുകയാണ് ലക്ഷ്യം.

ആദ്യഘട്ടമായി തൃശൂര്‍ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക്കില്‍ പൈലറ്റ് അടിസ്ഥാനത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. രണ്ടാം ഘട്ടമായി ജില്ലയിലെ ബാക്കിയുള്ള 15 ബ്ലോക്കുകളിലും കൂടാതെ മറ്റു ജില്ലകളിലെ ഓരോ ബ്ലോക്കിലും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പദ്ധതി ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. മൂന്നാംഘട്ടത്തില്‍ മറ്റു ജില്ലകളിലെ ബാക്കിയുള്ള ബ്ലോക്കുകളിലും പദ്ധതി വ്യാപിപ്പിക്കും.

അയല്‍ക്കൂട്ടം, അതിലെ അംഗങ്ങള്‍, ഏരിയ ഡെവലപ്മെന്‍റ് സൊസൈറ്റി(എ.ഡി.എസ്), കമ്മ്യൂണിറ്റി ഡെവലപ്മെന്‍റ് സൊസൈറ്റി(സി.ഡി.എസ്) എന്നിവയുടെ പ്രൊഫൈല്‍ എന്‍ട്രിയാണ് ലോകോസ് മൊബൈല്‍ ആപ്ളിക്കേഷനിലെ ഒരു വിഭാഗം. ആധാറുമായി ബന്ധപ്പെടുത്തുന്നതിനാൽ ഒരാൾക്ക് ഒന്നിലധികം അയൽക്കൂട്ടങ്ങളിൽ അംഗത്വം നേടുന്ന സാഹചര്യം ഒഴിവാക്കാൻ സാധിക്കുന്നു. സാമ്പത്തിക ഇടപാടുകളുടെ എന്‍ട്രിയാണ് രണ്ടാമത്തേത്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി 50 അയല്‍ക്കൂട്ടങ്ങള്‍ക്ക് ഒരു റിസോഴ്സ് പേഴ്സണ്‍ എന്ന കണക്കില്‍ ആകെ 52 പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ഐ.ഡിയും നല്‍കും.