പാലക്കാട് : ഗ്രാമപഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ ഇൻറഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റത്തിൻറെ (ഐഎൽജിഎംഎസ്) ഭാഗമായി ഫയൽ തീർപ്പാക്കലിൽ മികച്ച നേട്ടം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾക്ക് തദ്ദേശ സ്വയം ഭരണ വകുപ്പിൻറെ പുരസ്‌കാരം. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രകടനം കൈവരിച്ച പഞ്ചായത്തുകളെയാണ് ആദരിക്കുന്നത്.
പാലക്കാട് ജില്ലയിലെ കൊടുവായൂർ പഞ്ചായത്താണ് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയത്. മലപ്പുറത്തെ മൂത്തേടം രണ്ടാം സ്ഥാനത്തും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ വടക്ക് മൂന്നാം സ്ഥാനത്തുമെത്തി. പഞ്ചായത്ത് പ്രസിഡൻറുമാരെ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു. അവാർഡ് ഒക്ടോബർ 28ന് വിതരണം ചെയ്യും.
ലോകത്തിന്റെ ഏത് ഭാഗത്തുമിരുന്ന് 24 മണിക്കൂറും പഞ്ചായത്ത് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഐഎൽജിഎംഎസ് സംവിധാനത്തിലൂടെ 52 ലക്ഷത്തിലധികം ഫയലുകളാണ് കഴിഞ്ഞ ആറുമാസത്തിനുള്ളിൽ കൈകാര്യം ചെയ്തത്. ഇതിൽ 86%ത്തിലധികം ഫയലുകളും തീർപ്പാക്കിയിട്ടുണ്ട്. സമയബന്ധിതമായും അഴിമതി രഹിതമായും സേവനങ്ങളൊരുക്കുന്ന ഐഎൽജിഎംഎസ് ഇ-ഗവേണൻസ് രംഗത്തെ കേരളത്തിൻറെ ശ്രദ്ധേയ ചുവടുവെപ്പാണെന്നും മന്ത്രി പറഞ്ഞു.