അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പരിമിതമായ ജീവനക്കാരുടെ കാര്യക്ഷമത ശേഷി വിനിയോഗിച്ചാണ് വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിർമാണ, വിൽപ്പന, റിപ്പയർ ലൈസൻസികളുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കി അളവു തൂക്ക ഉപകരണങ്ങളുടെയും പായ്ക്ക് ചെയ്ത ഉൽപ്പന്നങ്ങളുടെയും കൃത്യത ഉറപ്പു വരുത്തണം. ഭക്ഷ്യസുരക്ഷ ഓഫീസുകളിൽ 69 ലക്ഷം പരാതികൾ ലഭിച്ചിരുന്നു. എന്നാൽ 17000 അപേക്ഷകളൊഴികെ മുഴുവൻ പരിഹരിക്കാൻ പരിമിതമായ ഉദ്യോഗസ്ഥരുടെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞതായി മന്ത്രി പറഞ്ഞു.
പൊതുജനങ്ങളിൽ നേരിട്ടിടപ്പെടുന്ന വകുപ്പെന്ന നിലയിൽലീഗൽ മെട്രോളജി വകുപ്പിന് വലിയ പ്രാധാന്യമുണ്ട്.നവകേരള സദസ്സിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് 46000 പേർക്ക് മുൻഗണന റേഷൻകാർഡ് അനുവദിക്കുകയാണ്. ആധുനിക കാലഘട്ടത്തിൽ ശാസ്ത്ര സാങ്കേതികവിദ്യക്കനുസരിച്ച് നടപടി ക്രമങ്ങൾ ഡിജിറ്റലായി മാറണം. പരാതികളിലും നടപടികളിലും ഒത്തുതീർപ്പുകൾക്കുള്ള അവസരം അതിലൂടെ ഇല്ലാതാക്കണം. 1548 ലൈസൻസികൾ ഇന്ന് നിലവിലുണ്ട്. കൂടുതൽ സജീവമായി അവരെക്കൂടി ഉൾപ്പെടുത്തി ഉപഭോക്തൃ ബോധവൽക്കരണ പരിപാടികൾ ഊർജിതമായി ജനങ്ങളിലേക്കെത്തിക്കണമെന്നും മന്ത്രി പറഞ്ഞു.