കേരളത്തിന്റെ വിപ്ലവ നായിക കെ.ആർ. ഗൗരിയമ്മ (102) വിടവാങ്ങി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം കൂടിയായിരുന്നു ആ ജീവിതം. നിയമം പഠിച്ച് വക്കീലായി, രാഷ്ട്രീയത്തിലിറങ്ങിയ ഗൗരിയമ്മ ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ പകരക്കാരില്ലാത്ത വ്യക്തിത്വമായിരുന്നു.
ഇരുപത്തിയെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം. ഒളിവു ജീവിതവും ജയിൽവാസവും കൊടിയ പീഡനങ്ങളും കടന്നാണ് കേരള ചരിത്രത്തിലെ അസാമാന്യ വ്യക്തിത്വങ്ങളിലൊന്നായി ഗൗരിയമ്മ രൂപപ്പെട്ടത്. 13 തവണ നിയമസഭാംഗവും ആറു തവണ മന്ത്രിയുമായി. ഭൂപരിഷ്കരണ നിയമം അടക്കമുള്ള നിർണായക ചുവടുകൾ ഗൗരിയമ്മയുടെ നേട്ടങ്ങളാണ്.
ചേർത്തലയിലെ പട്ടണക്കാട്ട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14 നാണ് ഗൗരിയമ്മ ജനിച്ചത്. തുറവൂര്‍ തിരുമല ദേവസ്വം സ്കൂളിലും ചേര്‍ത്തല ഇംഗ്ലിഷ് സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും സെന്റ് തെരേസാസ് കോളജില്‍ നിന്നു ബിരുദപഠനവും തിരുവനന്തപുരം ലോ കോളേജില്‍നിന്നു നിയമബിരുദവും നേടി. ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ സ്വാധീനത്താൽ വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഈഴവ സമുദായത്തിലെ ആദ്യത്തെ വനിതാ വക്കീലായി. ചേര്‍ത്തല കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു.
തിരുവിതാംകൂർ ദിവാൻ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ഉയർന്ന പ്രതിഷേധവും പുന്നപ്ര–വയലാര്‍ സമരവുമാണ് ഗൗരിയമ്മയെ സജീവ രാഷ്ട്രീയത്തിലിറങ്ങാൻ പ്രേരിപ്പിച്ചത്. പി, കൃഷ്ണപിള്ളയാണ് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം നൽകിയത്.
1948 ല്‍ തിരു- കൊച്ചി നിയമസഭയിലേക്ക് ചേര്‍ത്തല താലൂക്കിലെ തുറവൂര്‍ മണ്ഡലത്തില്‍ നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1952 ലും 54 ലും തിരു–കൊച്ചി നിയമസഭയിലേക്ക് വന്‍ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ഐക്യകേരള രൂപീകരണത്തിനുശേഷം 1957 ല്‍ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ചു വിജയിച്ച ഗൗരിയമ്മ കേരളത്തിലെ ആദ്യ റവന്യൂവകുപ്പ് മന്ത്രിയായി.
അക്കാലത്താണ് ടി.വി. തോമസുമായുള്ള വിവാഹം. അതേ മന്ത്രിസഭയിൽ അംഗമായിരുന്നു ടി.വി.യും. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും ഗൗരിയമ്മയും രണ്ടു ചേരികളിലായി. ഗൗരിയമ്മ സിപിഎമ്മിനൊപ്പവും ടിവി സിപിഐക്കൊപ്പവുമായിരുന്നു. തുടർന്ന് ടിവിയുമായി പിരിഞ്ഞു.
പതിനേഴ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ഗൗരിയമ്മ 13 തവണ വിജയിച്ചു. സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലൊഴികെ എല്ലാ തവണയും മത്സരിച്ച ഗൗരിയമ്മ 1948, 1977, 2006, 2011 വര്‍ഷങ്ങളില്‍ മാത്രമാണു പരാജയമറിഞ്ഞത്. ആറുതവണ മന്ത്രിയായി.
മന്ത്രിയായിരിക്കെ കാര്‍ഷിക നിയമം, കര്‍ഷകരെ കുടിയൊഴിപ്പിക്കുന്നതിനെതിരായ കുടിയൊഴിപ്പിക്കല്‍ നിരോധന ബിൽ, പാട്ടം പിരിക്കല്‍ നിരോധനം, സര്‍ക്കാര്‍ഭൂമി കയ്യേറിയ ഭൂരഹിതരെ ഒഴിപ്പിക്കാന്‍ പാടില്ലെന്ന ഉത്തരവ്, സര്‍ക്കാര്‍ഭൂമിയിലെ കുടികിടപ്പുകാര്‍ക്ക് ഭൂമി കിട്ടാന്‍ ഇടയാക്കിയ സര്‍ക്കാര്‍ഭൂമി പതിവു നിയമം തുടങ്ങി തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു.
സിപിഎമ്മിലെ അഭിപ്രായ വ്യത്യാസങ്ങളും നേതൃത്വവുമായുള്ള പിണക്കവും മൂലം 1994 ജനുവരി ഒന്നിന് ഗൗരിയമ്മ സിപിഎമ്മില്‍നിന്നു പുറത്തായി. തുടര്‍ന്നു ജെഎസ്എസ് രൂപീകരിച്ചു. യുഡിഎഫിലായിരുന്ന അവര്‍ 2016-ല്‍ യുഡിഎഫുമായി ഇടഞ്ഞു മുന്നണി വിട്ടു.
അവസാന കാലത്ത് സിപിഎമ്മുമായി അടുപ്പം പുലർത്തിയിരുന്നു. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഗൗരിയമ്മയെ സന്ദർശിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു.
സിപിഎമ്മിന്റെ വനിതാ മതിലിൽ അടക്കം ഗൗരിയമ്മ പങ്കെടുത്തു. പാർട്ടിയിലേക്കു തിരിച്ചു വിളിക്കണമെന്ന തരത്തിൽ സിപിഎമ്മിൽ ചർച്ചകളും ഉണ്ടായിരുന്നു. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിൽ കനലായി തിളങ്ങുന്ന ഒരധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.