കിഫ്ബി മരണക്കെണിയോ!! ഇടതുപക്ഷ സർക്കാരിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം തകരുന്നു..

Share

കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. വിദ്യാഭ്യാസ വകുപ്പിലെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി നോട്ടീസ് നൽകിയിരുന്നു. അതിന് പിന്നാലെയാണ് പരിശോധന. 5 വർഷത്തിനിടെ കിഫ്ബി സമർപ്പിച്ച പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കണം.

കരാറുകാർക്ക് പണം നൽകിയതിന്റെ വിശദാംശങ്ങൾ നൽകണം. ഓരോ പദ്ധതിക്കും എത്ര നികുതി നൽകിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളും അറിയിക്കാൻ ഇൻകം ടാക്‌സ് അഡിഷണൽ കമ്മീഷണർ നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാൻ ഇഡി വിളിപ്പിച്ചിരുന്നു.

ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കുകയും ഉദ്യോഗസ്ഥർ ഹാജരാകില്ലെന്ന് നിലിപാടെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേന്ദ്ര ഏജൻസിയും കിഫ്ബി പദ്ധതികളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ആദായ നികുതി വകുപ്പ് ചോദിക്കുന്ന കാര്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുമെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് പറഞ്ഞിരുന്നു.

മറുപടി നൽകാനാവാത്ത ഒരു കാര്യവും കിഫ്ബിയുമായി ബന്ധപ്പെട്ട് ഇല്ലെന്നും ഐസക് പറഞ്ഞു. പരിശോധനയിൽ അസ്വാഭാവികത ഒന്നുമില്ലെന്നും സാധാരണ നിലയിലുള്ള പരിശോധനയാണ് നടന്നതെന്നും കിഫ്ബി അധികൃതർ പറയുന്നു.

കിഫ്ബി വായ്പ വഴി പദ്ധതി നടപ്പാക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ആദായ നികുതി വകുപ്പ് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചെന്ന ആരോപണം നേരിടുന്ന കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ അന്വേഷണം.

വിദേശ നാണയ വിനിമയ നിയമം ലംഘിച്ചതായാണ് ഇഡിയുടെ പ്രാഥമിക നിഗമനം.കിഫ്ബിയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് ആരോപിച്ച സിഎജി റിപ്പോർട്ടിന്റെ ചുവടു പിടിച്ചാണ് ഇഡി നടപടി.

കിഫ്ബി മരണക്കെണിയാണെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു ദിവസങ്ങൾക്കകമാണ് ഇഡി കേസെടുത്തത്. കിഫ്ബിയെ കുറിച്ച് അന്വേഷിക്കാനുള്ള ഇ ഡി നീക്കം വിവാദമായിരുന്നു. കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോഴാണ് ഇഡിക്ക് പിന്നാലെ ആദായ നികുതി വകുപ്പിന്റെ സുപ്രധാന നടപടി.

കിഫ്ബി വഴിയുള്ള വികസനം ഇടതുപക്ഷ സർക്കാരിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യമാണ്. ഇതിനിടെയാണ് കിഫ്ബി നടത്തിപ്പ് തന്നെ ചോദ്യം ചെയ്യുന്ന അന്വേഷണങ്ങളിലേക്ക് ഇഡിയും ആദായ നികുതി വകുപ്പും കടക്കുന്നത്. ഇ ഡി അന്വേഷണത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തിരുന്നു.

കിഫ്ബിയെ ഇ ഡി വേട്ടയാടുമ്പോൾ കേന്ദ്രത്തിന്റെ ഡെവലപ്‌മെന്റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷ(ഡിഎഫ്‌ഐ)നെ സിബിഐ അടക്കമുള്ള ഏജൻസികളുടെ അന്വേഷണ പരിധിയിൽ നിന്നും നിയമത്തിലൂടെ ഒഴിവാക്കുന്നത് എന്തുകൊണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ചോദിച്ചിരുന്നു. കിഫ്ബിയിൽ നിയമ ലംഘനമുണ്ടെങ്കിൽ വൈസ് ചെയർമാൻ എന്ന നിലയിൽ ഉത്തരവാദിത്വം ഏൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.