ചരിത്രം തിരുത്തുമോ സന്ധ്യ.. ദിലീപിനെ പൂട്ടിയ പെൺ കരുത്ത്; സംസ്ഥാനത്ത് ഇതാ ആദ്യമായി വനിതാ പൊലീസ് മേധാവി വരുന്നു?

Share

തിരുവനന്തപുരം: നിലവിലെ സംസ്ഥാന പൊലീസ് മേധാവിയായ ലോക്നാഥ് ബഹ്റ വിരമിക്കാൻ ദിവസങ്ങൽ മാത്രം ബാക്കി നിൽക്കെ അടുത്ത് പോലീസ് മേധാവി ആരെന്ന ചോദ്യം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയരുന്നതാണ്. പലവിധത്തിലുള്ള സാധ്യതാ പട്ടികകൾ നമ്മൾ വിശകലനം ചെയ്തതാണ്.

എന്നാലിപ്പോൾ ഏകദേശ നി​ഗമനത്തിൽ എത്തിയെന്നു വേണം പറയാൻ. സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനുള്ള പട്ടികയിൽ നിന്നു ടോമിൻ തച്ചങ്കരി പുറത്തായിരുന്നു. വ്യാഴാഴ്ച ചേർന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ സമിതി യോഗമാണ് തച്ചങ്കരിയെ ഒഴിവാക്കിയത്.

പട്ടികയിലുള്ള അരുൺ കുമാർ സിൻഹയും സ്വയം ഒഴിവായി. ഇതോടെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനം ബി. സന്ധ്യയ്‌ക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകൾ.

മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്തായതോടെയാണ് സന്ധ്യ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ഇപ്പോൾ ശക്തമായിരിക്കുന്നത്.

നിലവിൽ അഗ്നിരക്ഷാ സേനാ മേധാവിയായ സന്ധ്യ പൊലീസ് മേധാവിയായാൽ ഈ വകുപ്പിലെത്തുന്ന ആദ്യ വനിതയായി മാറും അവർ. വിജിലൻസ് ഡയറക്‌ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത് എന്നിവരുടെ പേരുകളാണ് സന്ധ്യയ്‌ക്കൊപ്പം അന്തിമപട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

സുദേഷ്കുമാറിനും സന്ധ്യയ്ക്കുമാണ് ഡിജിപി റാങ്കുള്ളത്. ഇന്നലെ ഡൽഹിയിൽ യു പി എസ് സി സമിതിയിൽ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്തായ സ്ഥിതിക്ക് സർക്കാരിന് സന്ധ്യയെ പൊലീസ് മേധാവിയാക്കാനാണ് താത്പര്യമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

മികച്ച ട്രാക്ക് റെക്കോർഡുളള സന്ധ്യ പൊലീസ് തലപ്പത്തേക്ക് എത്തുന്നത് സേനയ്‌ക്കും മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ. നേരത്തെ വിരമിച്ച ശ്രീലേഖ ഐപിഎസ് അവരുടെ സർവീസ് കാലയളവിൽ പൊലീസ് മേധാവിയാകുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും അന്ന് അത് നടന്നിരുന്നില്ല.

സന്ധ്യ ഉൾപ്പടെ 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒമ്പത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു പി എസ് സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ്. എന്നാൽ അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യം കാട്ടിയിട്ടില്ല.

സംസ്ഥാനം നൽകിയ പട്ടികയിൽ ഉൾപ്പെട്ട ഒമ്പത് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗത്തിനെതിരെയും നിരവധി പരാതികളാണ് യു പി എസ് സിക്ക് ലഭിച്ചിരുന്നത്. എല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് യു പി എസ് സി അന്തിമ പട്ടിക സംസ്ഥാനത്തിന് രൂപം നൽകിയത്.

ഇതാദ്യമായാണു യുപിഎസ്‌സി സമിതിക്കു പാനൽ സമർപ്പിച്ച്, അവർ നൽകുന്ന പേരുകളിൽ നിന്ന് ഒരാളെ കേരളത്തിൽ ഡിജിപിയായി നിയമിക്കുന്നത്. ഇതുവരെ സർക്കാരുകൾ സീനിയോറിറ്റി മറികടന്ന് ഇഷ്ടക്കാരെ നിയമിച്ചിരുന്നു. സുപ്രീം കോടതിയുടെ കർശന വിധി വന്നതോടെ സർക്കാരിനു നിവൃത്തിയില്ലാതായി.

യുപിഎസ്‌സി പ്രതിനിധി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഏതെങ്കിലും കേന്ദ്ര സേനയിലെ മേധാവി, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണു കേന്ദ്രസമിതിയിൽ. 30 വർഷം സർവീസ് പൂർത്തിയാക്കിയ, 1987 മുതൽ 1991 വരെയുള്ള ഐപിഎസ് ബാച്ചിലെ ഡിജിപി, എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥരുടെ പേരുകളാണു കേരളം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *