മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു

Share

RKVY ( രാഷ്ട്രീയ കൃഷി വികാസ് യോജന ) പദ്ധതിയിലുൾപ്പെടുത്തി മൃഗസംരക്ഷണവകുപ്പ് വാങ്ങിയ മൂന്ന് മൊബൈൽ വെറ്ററിനറി സർവീസ് ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിരുവനന്തപുരം വികാസ് ഭവൻ അങ്കണത്തിൽ വച്ച് നിർവഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. എ കൗശികന്റെ അധ്യക്ഷതയിലായിരുന്നു ചടങ്ങ് നടന്നത്.

കർഷകർക്ക് അവശ്യ സമയത്ത് മൃഗചികിത്സ അവരുടെ വീട്ടുപടിക്കൽ എത്തിക്കുന്നതിന് ഈ പദ്ധതിയിലൂടെ സാധിക്കു മെന്നും മൃഗസംരക്ഷണ മേഖലയിലെ ചികിത്സാരംഗത്ത് ഇതൊരു പുതിയ ചുവടുവെപ്പാണെന്നും മന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു.

RKVY പദ്ധതിയിലുൾപ്പെടുത്തി 63.46 ലക്ഷം രൂപ ചെലവിട്ടാണ് 3 ആംബുലൻസുകൾ വകുപ്പ് വാങ്ങിയത്. ചടങ്ങിൽ പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറിൽ നിന്നും താക്കോൽ ഏറ്റുവാങ്ങി.

ഈ മൂന്ന് ജില്ലകളിലെ കർഷക ഭവനങ്ങളിൽ മൃഗചികിത്സാ സേവനം എത്തിക്കുന്നതിനുള്ള പരിമിതിയും അവിടങ്ങളിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കണക്കിലെടുത്താണ് ആദ്യഘട്ടത്തിൽ ആംബുലൻസുകൾ പത്തനംതിട്ട,പാലക്കാട്, വയനാട് ജില്ലകൾക്കായി നൽകിയത് രണ്ടാം ഘട്ടം എന്ന നിലയിൽ 29 വാഹനങ്ങൾ കൂടി ഉടൻ വാങ്ങുന്നതിന് പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർമാരായ ഡോ. സാബു.എസ്.എം, ഡോ.ജിജിമോൻ ജോസഫ് തിരുവനന്തപുരം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബീന ബീവി മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.