സാമൂഹ്യനീതി ഉറപ്പാക്കികൊണ്ട് പശ്ചാത്തല സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കേരള ഇക്കണോമിക് കോൺഫറൻസ് 2025 തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനും സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസുമായി ചേർന്ന് കേരള ഇക്കണോമിക് അസോസിയേഷനാണ് ത്രിദിന സമ്മേളനം (ഫെബ്രുവരി 14-16) സംഘടിപ്പിക്കുന്നത്.
കേരളത്തിന്റെ സമ്പദ്ഘടനയുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ ഈ സമ്മേളനത്തിൽ ചർച്ച ചെയ്യും എന്നാണ് മനസിലാകുന്നതെന്നും കേരളത്തിന്റെ സമ്പദ്ഘടനയേയും സമൂഹത്തെയും സംബന്ധിച്ച പഠനങ്ങൾ പുതിയ ഉൾക്കാഴ്ചകൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവ നയരൂപീകരണത്തിനും പുതിയ കാൽവയ്പ്പുകൾക്കും ഏറെ സഹായകരമാകും.
പരിമിതമായ വിഭവ സമാഹരണ അധികാരങ്ങളുള്ള നമ്മുടെ സംസ്ഥാനത്തിന് മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇത് മറികടക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപീകരിച്ചും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടുകൊണ്ടുമാണ് കേരളം മുന്നോട്ട് പോകുന്നത്.
കോവിഡിന് ശേഷം കേരളത്തിന്റെ സമ്പദ്ഘടന വളർച്ചയുടെ പാതയിലാണ്. നികുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുൾപ്പെടെ ഇപ്പോൾ സംസ്ഥാനങ്ങൾക്കില്ല. ജനസംഖ്യാ നിയന്ത്രണണത്തിൽ ഏറെ നേട്ടങ്ങൾ കൈവരിച്ച നമ്മുടെ സംസ്ഥാനത്തിന് കുറഞ്ഞുവരുന്ന കേന്ദ്ര നികുതി വിഹിതത്തിന്റെ കാര്യം 16ാം ധനകാര്യ കമ്മീഷന്റെയും കേന്ദ്ര സർക്കാരിന്റെയും മുൻപിൽ ഉന്നയിക്കാൻ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 16ാം ധനകാര്യ കമ്മീഷന്റെ മുന്നിൽ സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ ഫലപ്രദമായി ഉന്നയിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളെയും കൂടി ചേർത്തുകൊണ്ട് ശക്തമായ അഭിപ്രായ രൂപീകരണം നടത്തുന്നതിന് നേതൃത്വം നൽകിയത് കേരളമാണ്.