പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവം; നിരാഹാരസമരത്തിന് ഒരുങ്ങി അനുപമ

Share

പേരൂർക്കടയിൽ കുഞ്ഞിനെ വേർപെടുത്തിയ സംഭവത്തിൽ നിരാഹാരസമരത്തിന് അമ്മ അനുപമ. കുഞ്ഞിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് നാളെ മുതൽ നിരാഹാരസമരമിരിക്കുമെന്നാണ് അനുപമ പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലായിരിക്കും നിരാഹാരസമരം.

അതിനിടെ സംഭവത്തിൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലും കൃത്രിമമെന്ന വിവരം പുറത്തുവന്നു. ജനന സർട്ടിഫിക്കറ്റിൽ കുട്ടിയുടെ പിതാവിന്റെ പേരും, മാതാപിതാക്കളുടെ മേൽവിലാസവും തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവ സമയത്ത് നൽകിയ വിവരമനുസരിച്ചാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനനസർട്ടിഫക്കറ്റ് തയ്യാറാക്കിയത്.

കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു നൽകിയിരിക്കുന്നത് ജയകുമാർ എന്ന പേരാണ്. അനുപമയുടെയും അജിത്തിന്റെയും സ്ഥിരമായ മേൽവിലാസം പേരൂർക്കട ആയിരുന്നിട്ടും മറ്റൊരു മേൽവിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അമ്മയിൽ നിന്നു കുഞ്ഞിനെ വേർപ്പെടുത്താൻ ആസൂത്രിതമായി ഇടപെട്ടു എന്നത് തെളിയിക്കുന്നതാണ് രേഖകൾ.