കീം 2023: നാറ്റ സ്‌കോറും യോഗ്യതാ പരീക്ഷയുടെ മാർക്കും സമർപ്പിക്കണം

Share

തിരുവനന്തപുരം: കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തിയ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA-2023) പരീക്ഷയിൽ ലഭിച്ച സ്‌കോറിനും, യോഗ്യതാ പരീക്ഷയിൽ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച മാർക്കിനും തുല്യ പരിഗണന നൽകി പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും 2023-24 അധ്യയന വർഷം കേരളത്തിലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലേക്കുള്ള പ്രവേശനം. ഈ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായി 2023- ലെ ആർക്കിടെക്ചർ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷിച്ചിട്ടുള്ള, NATA ടെസ്റ്റിൽ യോഗ്യരായ വിദ്യാർഥികൾ അവരുടെ നാറ്റ 2023 സ്‌കോറും, യോഗ്യതാ പരീക്ഷയിൽ (പ്ലസ്ടു/ഡിപ്ലോമ അഥവാ തത്തുല്യം) ലഭിച്ച ആകെ മാർക്കും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലുടെ നൽകണം.

നാറ്റാ സ്‌കോറും, യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കും ഓൺലൈനായി നൽകുന്നതിനും അനുബന്ധ രേഖകൾ അപ്‌ലോഡ്‌ ചെയ്യുന്നതിനും ജൂൺ 29നു വൈകീട്ട് 5 വരെ വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും. മേൽപ്പറഞ്ഞ പ്രകാരം വെബ്സൈറ്റ് വഴി യഥാസമയം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (NATA-2023) പരീക്ഷയിൽ ലഭിച്ച സ്‌കോറും യോഗ്യത പരീക്ഷയിൽ ലഭിച്ച മാർക്കും സമർപ്പിക്കാത്ത വിദ്യാർഥികളെയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യാത്തവരെയും 2023-ലെ NATA യോഗ്യത നേടാത്തവരെയും ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്കിന് പരിഗണിക്കില്ല. വിശദമായ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0471 2525300.