പോലീസില്‍ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ്

Share

കണ്ണൂര്‍ സര്‍വ്വകലാശാല പി.ജി. സിലബസ്സില്‍ ഗാന്ധിജിയുടെയും നെഹ്രുവിന്‍റെയും പ്രാധാന്യം കുറയ്ക്കുകയും സംഘ പരിവാര്‍ പ്രപിതാക്കന്മാരായ സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും മറ്റും വര്‍ഗ്ഗീയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതു വഴി കേരളത്തിലെ വിദ്യാഭ്യാസ രംഗത്തും ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണെന്നു ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ആരുടേയും ലേഖനങ്ങളും പുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ വായിക്കുന്നത് തെറ്റല്ല. അറിവു നേടുന്നതിനും താരതമ്യ പഠനം നടത്തുന്നതിനും അത്തരം വായനകള്‍ സഹായിക്കും. എന്നാല്‍ വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള ലേഖനങ്ങള്‍ പാഠപുസ്തകമാക്കുന്നതും സിലബസ്സില്‍ ഉള്‍പ്പെടുത്തുന്നതും വിദ്യാര്‍ത്ഥി മനസ്സുകളെ വിഷലിപ്തമാക്കും. മതേതര ഭാരതത്തിന്‍റെ ഭാവിയില്‍ അത് കലാപം വിതയ്ക്കും. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അറിയാതെ ഇത്തരം പാഠഭാഗങ്ങള്‍ സിലബസ്സില്‍ ഉള്‍പ്പെട്ടതില്‍ നിന്നും ഗൂഢമായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ് എത്ര ശക്തമാണെന്ന് വ്യക്തമാകുന്നുണ്ട്. സര്‍വ്വകലാശാലയുടെ തീരുമാനത്തെ ന്യായീകരിച്ച യൂണിവേര്‍‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍റെ നിലപാട് മതനിരപേക്ഷ വിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.

കേരളത്തിലെ പോലീസില്‍ ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ് ഉണ്ടെന്ന ഭരണകക്ഷിയായ സി.പി.ഐ യുടെ ദേശീയ നേതാവ് ആനീരാജ അഭിപ്രായപ്പെട്ടത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ പോലീസില്‍ മാത്രമല്ല സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാരിന്‍റെ മറ്റു നയരൂപികരണ രംഗങ്ങളിലും ആര്‍.എസ്സ്.എസ്സ്. ഗ്യാംഗ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഓരോ ദിവസവും വെളിവാകുകയാനെന്നും ദേവരാജന്‍ കുറ്റപ്പെടുത്തി.