കേരളത്തിലെ സാധാരണക്കാരായ കുടിയന്മാരുടെ ജനപ്രീയ ബ്രാന്‍ഡാണ് ജവാന്‍ റം. ഈ റം അടിക്കുമ്പോള്‍ പഴയ കിക്ക് ലഭിക്കുന്നില്ലെന്ന് കുടിയന്മാര്‍ പരാതി പറയാന്‍ തുടങ്ങിട്ട് കുറച്ച് കാലമായി. ഇതാ അതിനുള്ള കാരണമാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ജവാന്‍ റം നിര്‍മാണശാലയിലേക്ക് കൊണ്ടുവന്ന സ്പിരിറ്റിന്റെ അളവില്‍ വന്‍ ക്രമക്കേട് നടന്നെന്ന് കണ്ടെത്തി. വന്‍തോതില്‍ സ്പിരിറ്റ് തട്ടിയെടുത്ത ശേഷം പകരം വെള്ളം ചേര്‍ത്തിരുന്നതായാണ് കണ്ടെത്തിയത്.
വര്‍ഷങ്ങളായി നടക്കുന്ന ഈ തട്ടിപ്പ് എക്സൈസ് സംഘമാണ് കണ്ടെത്തിയ്. ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ ജനറന്‍ മാനനേജര്‍ അലക്‌സ് പി ഏബ്രാഹാമിന്റെ നേതൃത്വത്തിലാണ് ഇവിടെ ക്രമക്കേട് നടത്തിയിരിക്കുന്നത്. അലക്‌സിനെ കൂടാതെ മാനേജര്‍ യു ഹാഷിം, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഗിരീഷ്, മേഖാ മുരളി എന്നിവരടക്കം ഏഴുപേരെയാണ് പ്രതി ചേര്‍ക്കപ്പട്ടിരിക്കുന്നത്. ജനറല്‍ മാനജേരായ അലക്‌സ് പി ഏബ്രാഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുവാണെന്നും ആരോപണമുണ്ട്.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലാണ് ബിവറേജസ് കോര്‍പ്പറേഷനു വേണ്ടി ജവാന്‍ റം നിര്‍മിക്കുന്നത്. ഇതിനായി മധ്യപ്രദേശില്‍നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കാനുള്ള കരാര്‍ എറണാകുളത്തെ സ്വകാര്യ കമ്പനിക്ക് നല്‍കിയിരുന്നു. ടാങ്കറുകളില്‍ കൊണ്ടുവരുന്ന സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ടെന്ന രഹസ്യവിവരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനു നേരത്തെ ലഭിച്ചു. മധ്യപ്രദേശില്‍ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റര്‍ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്.
കരാര്‍ എടുത്ത കമ്പനിയുടെ ടാങ്കര്‍ ലോറി വാളയാര്‍ അതിര്‍ത്തി കടന്നപ്പോള്‍ മുതല്‍ വാഹനങ്ങള്‍ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലര്‍ച്ചെയോടെ പുളിക്കീഴിലെ ഫാക്ടറിയില്‍ എത്തിയപ്പോഴാണ് ടാങ്കര്‍ ലോറി ഡ്രൈവര്‍മാരെ എക്സൈസ് കസ്റ്റഡിയിലെടുത്തത്. 40,000 ലിറ്ററിന്റെ രണ്ടു ടാങ്കറിലും 35,000 ലിറ്ററിന്റെ ഒരു ടാങ്കറിലും നടത്തിയ പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റ് കുറവുണ്ടെന്നു വ്യക്തമായി. തുടര്‍ന്ന് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ വേ ബ്രിഡ്ജില്‍ ടാങ്കര്‍ലോറികളുടെ ഭാര പരിശോധനയും നടത്തി.
ലീഗല്‍ മെട്രോളജിയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സ്പിരിറ്റിന്റെ കൃത്യമായ അളവെടുക്കും. കേരളത്തില്‍ വാഹനങ്ങള്‍ എത്തുംമുമ്പേ സ്പിരിറ്റ് ചോര്‍ത്തി വിറ്റെന്നാണ് എക്സൈസ് സംഘത്തിന്റെ നിഗമനം. മുന്‍പ് ഇതിനു പകരം വെള്ളം ചേര്‍ത്തെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ഇന്നലെ പിടികൂടിയ ഇവിടുത്തെ ജീവനക്കാരന് അരുണ്‍ കുമാറാണ് ക്രമക്കേടില്‍ ഉന്നതര്‍ക്കുളള പങ്ക് അന്വേഷണ സംഘത്തിന് നല്‍കിയത്. അരുണിനെയും ഡ്രൈവര്‍മാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോള്‍ ആണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശില്‍ നിന്നും ടാങ്കറില്‍ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവര്‍മാരും ചേര്‍ന്ന് മറിച്ചു വിറ്റത്. ലിറ്ററിന് അന്‍പത് രൂപയ്ക്ക് ഈ സ്പിരിറ്റ് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ വില്‍ക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് ജനറല്‍ മാനേജര്‍ അടക്കം ഏഴു പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. മദ്യനിര്‍മാണത്തിനായി സര്‍ക്കാരിന്റെ ഡിസ്റ്റിലറിയിലേക്കു കൊണ്ടു വന്ന സ്പിരിറ്റിന്റെ അളവില്‍ തിരിമറി നടക്കുന്നതായി എക്സൈസ് എന്‍ഫോഴ്സ്മെന്റിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ തിരുവല്ലയ്ക്കു സമീപം പുളിക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന ലോഡുകളിലാണു വെട്ടിപ്പ് നടന്നത്. രണ്ടു ടാങ്കറുകളുടെ കാബിനിലായി സൂക്ഷിച്ചിരുന്ന 9.50 ലക്ഷം രൂപയും എക്സൈസ് കണ്ടെടുത്തു.
ഒരു ടാങ്കറില്‍നിന്ന് ആറു ലക്ഷവും മറ്റൊന്നില്‍നിന്ന് 3.5 ലക്ഷവുമാണ് പിടിച്ചത്. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന തിരുവന്‍വണ്ടൂര്‍ സ്വദേശിയായ അരുണ്‍കുമാര്‍ എന്ന ജീവനക്കാരന് കൈമാറാന്‍ കൊണ്ടുവന്ന പണമാണ് ഇതെന്നാണ് ഉത്തരേന്ത്യല്‍ സ്വദേശികളായ ടാങ്കര്‍ ഡ്രൈവര്‍മാര്‍ എക്സൈസിനു നല്‍കിയ മൊഴി. മൂന്നു ഡ്രൈവര്‍മാരും അരുണ്‍കുമാറും എക്സൈസിന്റെ കസ്റ്റഡിയിലാണ്.