വീടിന്റെ മാതൃകയുണ്ടാക്കി സേനയുടെ പരിശീലനം, 75 കോടി വിലയിട്ട ഖുറേഷിയെ വധിച്ച യു.എസ് ഓപ്പറേഷന്‍

Share

വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവന്‍ അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി ബുധനാഴ്ച രാത്രിയോടെയാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. തന്റെ ഒളിത്താവളം യുഎസ് പ്രത്യേക സേന വളഞ്ഞ് വെടിവെപ്പ് നടത്തിയതോടെ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു ഖുറേഷിയും കുടുംബവുമെന്ന്‌ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ഐഎസിന്റെ ഒരു മുതിര്‍ന്ന നേതാവ് കൂടി കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും അയാളുടെ പേര് യുഎസ് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഐഎസ് തലവനെ പിടികൂടാനുള്ള മാസങ്ങളുടെ ആസൂത്രണത്തിന്റെ വിശദാംശങ്ങള്‍ യുഎസ് അധികൃതര്‍ വിശദീകരിക്കുകയുണ്ടായി.

തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്നുമുള്ള വടക്കന്‍ ഇദ്ലിബ് പ്രവിശ്യയിലെ പ്രതിപക്ഷ നിയന്ത്രണത്തിലുള്ള ആത്‌മേ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മൂന്ന് നില കെട്ടിടത്തിലാണ് ഖുറേഷിയും കുടുംബവും താമസിച്ചിരുന്നത്. സിറിയന്‍ സര്‍ക്കാരിനെതിരെ തുര്‍ക്കി പിന്തുണയോടെ പോരാടുന്ന വിമതവിഭാഗങ്ങളുടെ ശക്തി കേന്ദ്രമാണ് ഈ പ്രദേശം.

സിറിയയിലേക്കും മറ്റിടങ്ങളിലേക്കും നിര്‍ദേശങ്ങള്‍ നല്‍കികൊണ്ട് ആത്‌മേയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ഖുറേഷിയും കുടുംബവും താമസിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക് വിവരം ലഭിച്ചിരുന്നു. 

‘സംഹാരകന്‍’ എന്ന വിളിപ്പേരുള്ള ഖുറേഷി ഹാജി അബ്ദുള്ള, മുമ്മദ് സയീദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മൗല, അബ്ദുല്ല ഖര്‍ദഷ് എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. അബുബക്കര്‍ അല്‍ ബാഗ്ദാദി 2019-ല്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇയാള്‍ ഐ.എസ് നേതൃത്വത്തിലേക്ക് എത്തിയത്‌.

ISIS Chief

ബാഗ്ദാദി കൊല്ലപ്പെട്ട്‌ നാല് ദിവസത്തിന് ശേഷം ഖുറേഷിയെ തലവനായി പ്രഖ്യാപിച്ചെങ്കിലും ദീര്‍ഘകാലം അദ്ദേഹം ആക്രമണങ്ങളില്‍ സജീവമാകാതെ മാറി നിന്നിരുന്നതായും പറയപ്പെടുന്നു. 1976-ല്‍ ഇറാഖിലെ മൊസൂളില്‍ ജനിച്ച ഖുറേഷിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് സര്‍ക്കാര്‍ ഏകദേശം 75 കോടി രൂപയോളം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഖുറേഷിയുടെ അന്ത്യത്തിലേക്ക്‌ നയിച്ച റെയ്ഡ്

അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷി താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ മറ്റൊരു കുടുംബം താമസിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് അറിയില്ലായിരുന്നു മുകളില്‍ താമസിക്കുന്നത് ഐഎസ് തലവനാണെന്ന കാര്യം. അതുകൊണ്ട് തന്നെ ഒരു വ്യോമാക്രമണം നടത്തുന്നത് തങ്ങള്‍ക്ക് ഈ കുടുംബം ഒരു തടസ്സമായിരുന്നുവെന്നാണ് യുഎസ് സൈന്യം പറയുന്നത്. മുകളിലത്തെ നിലയിലേക്ക് കുളിക്കുന്നതിനായി പോകുകയല്ലാതെ മറ്റൊരു ഘട്ടത്തിലും ഖുറേഷി വീടിന് പുറത്തിറങ്ങാറില്ലായിരുന്നു.

കെട്ടിടം വളഞ്ഞുകൊണ്ട് ഏത് രീതിയില്‍ ഖുറേഷിയെ പിടികൂടാമെന്ന സാധ്യകളായിരുന്നു യുഎസ് സൈന്യം തേടികൊണ്ടിരുന്നത്. ഇതിനായി അനേകം തവണ പ്രത്യേക സേന പരിശീലനം നടത്തി. ആത്‌മേയിലെ കെട്ടിടത്തിന്റെ മാതൃക നിര്‍മിച്ചടക്കം പരിശീലിച്ചു. സ്‌ഫോടനത്തില്‍ കെട്ടിടം തകരാനുള്ള സാധ്യതകളും സംഘത്തിലെ എഞ്ചിനീയര്‍മാര്‍ പഠിച്ചു. വിശദമായ പഠനങ്ങളും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓപ്പറേഷന് തയ്യാറെടുത്തതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കി.

ഡിസംബറില്‍ ഒരു ഓപ്പറേഷന് തയ്യാറെടുത്തിരുന്നതായും യുഎസ് പ്രസിഡന്റ് ബൈഡന്‍ കഴിഞ്ഞ ദിവസം വിശദീകരിക്കുകയുണ്ടായി.

പ്രത്യേക സേനയുടെ ദൗത്യത്തിന്‌ ചൊവ്വാഴ്ചയാണ് ബൈഡന്‍ അന്തിമ അനുമതി നല്‍കിയത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ യുഎസ് ഹെലികോപ്റ്ററുകള്‍ ആത്‌മേയിലെത്തി. തത്സമയം വൈറ്റ് ഹൗസില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടായിരുന്നു.

ആത്‌മേയില്‍ ചെന്നിറങ്ങിയ യുഎസ് പ്രത്യേക സേനക്ക് മുന്നില്‍ പ്രതീക്ഷിച്ചതിനെക്കാള്‍ ചെറുത്ത് നില്‍പ്പ് ഖുറേഷി തീര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങളില്‍ ഘടിപ്പിച്ച വിമാനവേധ തോക്കുകള്‍ ഉപയോഗിച്ചാണ് യുഎസ് പ്രത്യേക സേനയെ ഐഎസ് നേരിട്ടത്. ഹെലികോപ്റ്ററുകള്‍ എത്തുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ വെടിയൊച്ചകള്‍ കേട്ടിരുന്നതായി പ്രദേശവാസികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

USA
നശിപ്പിച്ച യുഎസ് ഹെലികോപ്ടര്‍ |ഫോട്ടോ: AFP

എട്ട് കുട്ടികളടക്കം പത്ത് പേരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ യുഎസ് സൈന്യത്തിന് സാധിച്ചതായി പെന്റഗണ്‍ വാക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഖുറേഷിയുടെ ഒരു സഹായിയും ഭാര്യയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ യുഎസ് സേനക്ക് നേരെ വെടിയുതിര്‍ത്തിരുന്നതായി കിര്‍ബി പറഞ്ഞു.

രണ്ട് മണിക്കൂര്‍ ദൗത്യത്തിനിടെ ഒരു ചെറിയ കൂട്ടം ആളുകളുമായും യുഎസ് സൈന്യത്തിന് തര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നു. ഇതിനിടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അതില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും കൊല്ലപ്പെട്ടവരെ കുറുച്ച് കൃത്യമായ വിവരമില്ലെന്നാണ് യുഎസ് വാക്താവ് പറഞ്ഞത്.

തിരച്ചില്‍ നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ വെച്ച് ഖുറേഷി സ്വയം ബോംബ് പൊട്ടിച്ചു. ഖുറേഷിയും ഭാര്യയും കുട്ടികളും ഇതില്‍ കൊല്ലപ്പെട്ടു. ‘ഭീരുത്വത്തിന്റെ അവസാന പ്രവൃത്തി’ എന്നാണ് ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്.

വിരലടയാളത്തിലൂടെയും ഡിഎന്‍എ പരിശോധനയിലൂടെയും ഖുറേഷിയെ പിന്നീട് തിരിച്ചറിഞ്ഞുവെന്നും യുഎസ് സൈനിക വാക്താവ് അറിയിച്ചു.

ഓപ്പറേഷനില്‍ യുഎസ് സൈനികര്‍ക്ക് കാര്യമായ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ഒരു ഹെലികോപ്ടര്‍ തകരാറിലായിരുന്നു. അത് അവിടെ നശിപ്പിക്കേണ്ടി വന്നുവെന്നും യുഎസ് വ്യക്തമാക്കി.

സിറിയ സിവില്‍ ഡിഫന്‍സ് എന്നറിയപ്പെടുന്ന വൈറ്റ് ഹെല്‍മറ്റ് റെസ്‌ക്യൂ സര്‍വീസ് ഓപ്പറേഷന് ശേഷം നടത്തിയ തിരച്ചിലില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ആറ് കുട്ടികളുടെയും നാല് സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അറിയിച്ചു.