പരിശീലനം ലഭിക്കാത്തവര്‍ പാമ്പുകളെ പിടിച്ചാല്‍ കടുത്ത നടപടിക്ക് വനംവകുപ്പ്;ഏഴുവര്‍ഷംവരെ തടവ് ലഭിക്കും

Share

കോഴിക്കോട്: വന്യജീവിസംരക്ഷണനിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണെന്നിരിക്കെ പരിശീലനം കഴിഞ്ഞ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ പാമ്പിനെപിടിക്കുന്നത് കര്‍ശനമായി വിലക്കാന്‍ വനംവകുപ്പ്. പലപ്പോഴും നിബന്ധന പാലിക്കാതെ നാട്ടുകാരുടെ മുന്നില്‍ പാമ്പിനെവെച്ച് പ്രദര്‍ശനം നടത്തുന്നതാണ് അപകടമുണ്ടാക്കുന്നത്.

വനംവകുപ്പ് പരിശീലിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയവര്‍ ഈ മാനദണ്ഡം പാലിക്കുന്നുണ്ട്. 2020-ല്‍ 1600 പേരെ പരിശീലിപ്പിച്ചതില്‍ 928 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി. അഞ്ചുവര്‍ഷമാണ് ലൈസന്‍സ് കാലാവധിയെങ്കിലും ഇതിനിടയില്‍ മാനദണ്ഡം പാലിക്കാതെ പാമ്പിനെ പിടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.

വാവ സുരേഷ് വനംവകുപ്പ് നല്‍കിയ പരിശീലനത്തില്‍ പങ്കെടുക്കുകയോ സര്‍ട്ടിഫിക്കറ്റ് നേടുകയോ ചെയ്തിട്ടില്ലെങ്കിലും അദ്ദേഹത്തിന് ആവശ്യമായ ചികിത്സയും സഹായധനവും നല്‍കാന്‍ വനംവകുപ്പ് തയ്യാറായിട്ടുണ്ട്. വാവ സുരേഷിനെ പോലുള്ളവര്‍ അടിയന്തരമായി പരിശീലനപദ്ധതിയില്‍ ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നേടണമെന്ന് വനംവകുപ്പ് കര്‍ശനമായി നിര്‍ദേശിക്കും.

സ്വന്തംനിലയില്‍ പാമ്പുകളെ പിടികൂടിയതിന്റെ പരിചയമുണ്ടെങ്കിലും ശാസ്ത്രീയപരിശീലനം ഇല്ലാത്തതാണ് പാമ്പുകടിയേല്‍ക്കാന്‍ കാരണമെന്ന് തിരുവനന്തപുരം അരിപ്പയിലെ വനം ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടറും പാമ്പുപിടിത്തപരിശീലനം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ സംസ്ഥാന നോഡല്‍ ഓഫീസറുമായ വൈ. മുഹമ്മദ് അന്‍വര്‍ പറയുന്നു.

അനുമതിയില്ലാതെ പാമ്പിനെ പിടിക്കുന്നത് കുറ്റകൃത്യം

: വനംവകുപ്പിന്റെ സര്‍ട്ടിഫിക്കറ്റില്ലാത്തവര്‍ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകൃത്യമാണ്. പാമ്പിനെ പിടിക്കുന്നവര്‍ മൂന്ന് സുരക്ഷാമാനദണ്ഡം ഉറപ്പുവരുത്തണം.

പാമ്പിനെ പിടിക്കുന്ന ആള്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കണം.

പാമ്പിന് ഒരപകടവും സംഭവിക്കാന്‍ പാടില്ല. പൈപ്പ് ഉപയോഗിച്ച് കൃത്രിമ മാളം സൃഷ്ടിച്ച് അതുവഴി പാമ്പിനെ കടത്തിവിട്ട് ബാഗിലാക്കുകയാണ് ശാസ്ത്രീയരീതി. 30 സെക്കന്‍ഡ് മുതല്‍ ഒരു മിനിറ്റിനുള്ളില്‍ പാമ്പിനെ ബാഗിലാക്കണം. പാമ്പിനെ തലകീഴായി തൂക്കിയിട്ട് പ്രദര്‍ശിപ്പിക്കരുത്. തൂക്കിയിട്ടാല്‍ പാമ്പിന്റെ നട്ടെല്ലിന് വേഗം പരിക്കുപറ്റാനിടയുണ്ട്.

പാമ്പിനെ പിടികൂടുമ്പോള്‍ പരിസരത്തുള്ള ആളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. വനംവകുപ്പിന്റെ അംഗീകാരമില്ലാത്തവര്‍ പാമ്പിനെ പിടിക്കുന്നതോ കൈവശം വെക്കുന്നതോ ശിക്ഷാര്‍ഹമാണ്. ചേര, നീര്‍ക്കോലി, രാജവെമ്പാല, ചേനത്തണ്ടന്‍, അണലി, മൂര്‍ഖന്‍ തുടങ്ങിയ പാമ്പുകളെ അംഗീകാരമില്ലാത്തവര്‍ പിടിക്കുന്നത് മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.