തെന്നിന്ത്യൻ സിനിമാലോകത്തെ താര രാജാവിന് ഇന്ന് 61ാം പിറന്നാൾ..

Share

തെന്നിന്ത്യൻ സിനിമാലോകത്തെ കിരീടമില്ലാത്ത രാജാവിന് ഇന്ന് 61ാം പിറന്നാൾ. മലയാളക്കരയുടെ സ്വന്തമെന്ന് അവകാശപ്പെടാവുന്ന താരരാജാവിന്, നമ്മുടെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം.

1960 മെയ് 21ന് വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി പത്തനംതിട്ടയിലെ ഇലന്തൂരുള്ള വീട്ടിലായിരുന്നു ആ താരപ്പിറവി. പിന്നീട് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാള സിനിമാലോകത്തിന് സമ്മാനമായി കിട്ടിയ ലാലേട്ടന് ഇന്ന് സിനിമ ലോകവും പ്രേക്ഷകരും ഒന്നടങ്കം ജന്മദിന ആശംസകൾ നേരുകയാണ്.

1978ൽ പുറത്തിറങ്ങിയ ‘തിരനോട്ടം’ എന്ന സിനിമയാണ് മോഹൻലാൽ എന്ന മലയാളികളുടെ അഭിമാനമായ താരത്തിന്‍റെ വെള്ളിത്തിരയിലേക്കുള്ള കാൽവെപ്പിന് കാരണമായത്. എന്നാൽ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെ മലയാളസിനിമക്ക് കിട്ടിയത് ഒരു നായക നടനെയായിരുന്നു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ചിത്രത്തിൽ വില്ലൻ്റെ വേഷത്തിലാണ് ലാലേട്ടൻ എത്തിയതെന്നാണ് ശ്രദ്ധേയം.1980-’90 ദശകങ്ങളിലെ ചലച്ചിത്ര വേഷങ്ങളിലൂടെയാണ്‌ മോഹൻലാൽ ശ്രദ്ധേയനായി മാറിയത്. വില്ലനായി വന്ന് മലയാളി പ്രേക്ഷരുടെ മനസ്സിൽ നായകനായ അപൂര്‍വം നടൻമാരിൽ ഒരാൾ കൂടിയാണ് മോഹൻലാൽ.

മലയാള സിനിമയിൽ തുടരെത്തുടരെ ഹിറ്റുകൾ സമ്മാനിക്കുകയും അന്തർദേശീയ തലത്തിലേക്ക് ഉയർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ച താരമാണ് മോഹൻലാൽ. ദൃശ്യം, ഒപ്പം, പുലിമുരുകൻ, ലൂസിഫര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ 50 കോടിയും 100 കോടിയും 200 കോടിയും ബോക്സോഫീസ് ഹിറ്റുകള്‍ സ്വന്തമാക്കിയ നടൻ മലയാള സിനിമയിൽ നാലുപതിറ്റാണ്ടായി തന്‍റെ അഭിനയജീവിതത്തിലെ ജൈത്രയാത്ര തുടരുകയാണ്.

പലപ്പോഴും കൂടെ അഭിനയിക്കുന്ന താരങ്ങൾപോലും അത്ഭുതപ്പെട്ടുപോയിട്ടുണ്ട് മോഹൻലാലിൻറെ അഭിനയ മികവിന് മുന്നിൽ. “ഒരാൾ എന്റെ മകനായി അഭിനയിച്ചപ്പോൾ മാത്രമാണ്, അയാളോട് എന്റെ മകനോടുള്ള വാത്സല്യം തോന്നിയത്, അത് മോഹൻലാൽ ആണ്..

”മലയാളത്തിന്റെ അതുല്യ നടൻ തിലകന്റെ വാക്കുകളാണിത്. എന്നാൽ കോവിഡ് വ്യാപനം മൂലം ജന്മദിനാഘോഷങ്ങൾ ഒന്നുംതന്നെ ഇല്ലായെങ്കിലും താരത്തിന് ആശംസകൾ നേർന്ന് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മമ്മൂട്ടി, പ്രിയദർശൻ, നാദിർഷ, നിവിൻ പോളി, ഷിബു ബേബി ജോൺ, അജു വർഗ്ഗീസ് തുടങ്ങി നിരവധി സിനിമാ രാഷ്ട്രീയ രംഗത്തെ പ്രമുഖരൊക്കെ പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.