വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന പ്രതീക്ഷയിൽ പുതിയ വൈദ്യുതി മന്ത്രി

Share

തിരുവനന്തപുരം : പവർകട്ടില്ലാത്ത അഞ്ചുവർഷങ്ങൾക്ക് ശേഷം രണ്ടാം പിണറായി സർക്കാരിൽ വൈദ്യുതി വകുപ്പ് മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ചുമതലയേറ്റിരിക്കുകയാണ്. വൈദ്യുതി മിച്ച സംസ്ഥാനമായി കേരളത്തെ മാറ്റാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

വിവാദങ്ങൾക്കിടയിൽ നിൽക്കുന്ന അതിരപ്പിള്ളി പദ്ധതി സർക്കാർ നയത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും വൈദ്യുതി സംരക്ഷണത്തിനായി ബദൽ സാധ്യതകൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

‘കെഎസ്ഇബി എന്നല്ല, ഏത് സ്ഥാപനമായാലും അത് ജനങ്ങൾക്ക് ഉപകാരപ്രദമായിരിക്കണം. ഇതുവരെ വെളിച്ചം കാണാത്ത വീടുകളിൽ വെളിച്ചമെത്തിക്കുന്നതിലായിരിക്കും മുൻഗണന. ഗ്രാമപ്രദേശങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾക്ക് മുൻഗണന കൊടുക്കും.

വൈദ്യുതി മിച്ചം പിടിക്കാനായി ധാരളം ചെറുകിട പദ്ധതികൾ നടപ്പിലാക്കാവുന്നതാണ്. 3000 ടിഎംസി വെള്ളമാണ് കേരളത്തിനുള്ളത്. ഇറിഗേഷനും ഇലക്ട്രിസിറ്റിക്കും വേണ്ടി 300 ടിഎംസി വെള്ളമേ കേരളത്തിൽ ഉപയോഗിക്കുന്നുള്ളൂ.

അതിലൂടെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി കേരളത്തെ മാറ്റാവുന്നതാണ്. പക്ഷേ ഇത് കേരളത്തിൽ ഇത് പ്രായോഗികമല്ല. പാരിസ്ഥിതിക പ്രശ്‌നമടക്കം തടസമാണ്’മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി പോലൊരു വിഷയം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതല്ല. മുന്നണി ഒന്നാകെ ആലോചിച്ച് തീരുമാനിക്കേണ്ടതാണ്.

സംസ്ഥാനത്ത് പവർകട്ട് ഇല്ലാതാക്കാൻ പരമാവധി മാർഗങ്ങൾ സ്വീകരിക്കുമെന്നും അതിനായി ബദൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.