തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് ശാരീരികവും മാനസികവും ബൗദ്ധികവുമായ വളർച്ചയ്ക്കും വികാസത്തിനും പിന്തുണ നൽകുന്ന തുടർപിന്തുണാ പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി ശിശുഹൃദയ വിഭാഗം സംഘടിപ്പിച്ച ലോക ഹൃദയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങൾക്ക് കൂടുതൽ പിന്തുണ ആവശ്യമാണ്. അതിന്റെ ഭാഗമായി ആർ ബി എസ് കെ നഴ്സുമാരെക്കൂടി ഉൾപ്പെടുത്തി ഡിസ്ട്രിക് ഏർളി ഇന്റർവെൻഷൻ സെന്ററുകളുടെ കൂടി സഹായത്തോടെ സമൂഹത്തിൽ ഇടപെട്ടുകൊണ്ട് കുഞ്ഞുങ്ങളുടെ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കുഞ്ഞുങ്ങൾക്ക് പിന്തുണ ഉറപ്പാക്കുന്ന ഈ പദ്ധതി നടപ്പിലാക്കുന്നതിന് ഒരു മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഇത്തരം കുഞ്ഞുങ്ങൾക്കും അവരുടെ മാതാപിതാക്കൾക്കും സാധാരണ കുഞ്ഞുങ്ങളെപ്പോലെ ജീവിതം ഏറ്റവും മനോഹരമായി കൊണ്ടുപോകാൻ കഴിയുന്ന തുടർ പിന്തുണയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജന്മനാ ഗുരുതര ഹൃദയ വൈകല്യമുള്ള 100 കുട്ടികൾക്കും തുടർന്ന് ഹൃദ്യം പദ്ധതിയുടെ കീഴിൽ വരുന്ന എല്ലാ കുട്ടികൾക്കും ഈ സേവനം ലഭ്യമാകും.