മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വനം വകുപ്പ് നടപ്പിലാക്കുന്ന മിഷൻ എഫ്.എഫ്.ഡബ്ല്യു സമയ ബന്ധിതമായി പൂർത്തിയാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ . വയനാട് വന്യജീവി ആക്രമണ ഉന്നതതല അവലോകന യോഗത്തിനുശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വനത്തിനുള്ളിലെ കുളങ്ങൾ, ബ്രഷ് വുഡ് ചെക്ക് ഡാമുകൾ എന്നിവയിലെ ചെളി നീക്കം ചെയ്തും ആവശ്യമായ സ്ഥലങ്ങളിൽ പുതിയവ നിർമ്മിച്ചും പരിപാലിച്ചും വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ ജലലഭ്യത നിലവിൽ ഉറപ്പുവരുത്തുന്നുണ്ട്. മണ്ണിലെ ഈർപ്പം ഇല്ലാതാക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ് മുതലായ വിദേശയിനം വൃക്ഷത്തോട്ടങ്ങൾ ഘട്ടം ഘട്ടമായി മുറിച്ചു നീക്കി ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ വൃക്ഷയിനങ്ങൾ നട്ടുപിടിപ്പിക്കുകയെന്നതും ഫീൽഡ് തലത്തിൽ നടപ്പിലാക്കിവരുന്നു.
മനുഷ്യ-വന്യമൃഗ സംഘർഷം കൂടുതലായി അനുഭവപ്പെടുന്ന ജനുവരി-മെയ് മാസങ്ങളിൽ വനത്തിനുള്ളിൽ ജലലഭ്യതയും ഭക്ഷ്യലഭ്യതയും ഉറപ്പുവരുത്തുന്നതിന് ഒരു പ്രത്യേക യജ്ഞം എന്ന നിലയിലാണ് Mission Food, Fodder and Water അഥവാ Mission FFW എന്ന പേരിൽ മിഷൻ നടപ്പിലാക്കുന്നത്. ഈ യജ്ഞത്തിന് മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരിക്കും. ഒന്നാം ഘട്ടത്തിൽ വനമേഖലകളിലെ വയലുകൾ, ചെക്ക് ഡാമുകൾ, കുളങ്ങൾ, പുൽമേടുകൾ തുറസ്സായ സ്ഥലങ്ങൾ എന്നിവയുടെ വിവരശേഖരണവും പുതുതായി ആവശ്യമുള്ള മേഖലൾ കണ്ടെത്തലുമാണ് ഉള്ളത്. സംസ്ഥാനത്തെ വനമേഖലകളിൽ സെക്ഷൻ/ സ്റ്റേഷൻ തലത്തിൽ വിവരങ്ങൾ അടിയന്തരമായി ശേഖരിച്ച് മാപ്പ് ചെയ്യേണ്ടതുമായതിനാൽ റെയ്ഞ്ച് തലത്തിലും ഡിവിഷൻ തലത്തിലും ക്രോഡീകരിക്കും. 2025 ഫെബ്രുവരി 10ന് മുൻപ് നടപടികൾ പൂർത്തിയാക്കും.