തിരുവനന്തപുരം : യുവാക്കളെ തൊഴിലരങ്ങത്തേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസവകുപ്പിനു കീഴിലെ സർവ്വകലാശാലകളിലേയും കോളേജുകളിലെയും പ്ലേസ്മെന്റ് ഓഫീസർമാർക്ക് ഏകദിന പരിശീലനം നൽകും.കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 11ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവ്വഹിക്കും. .
മുഴുവൻ അവസാന വർഷ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തൊഴിലരങ്ങിലെത്താൻ വേണ്ട വിവരങ്ങൾ പങ്കുവെക്കുന്ന പദ്ധതിയ്ക്കായാണ് പരിശീലനം. തൊഴിൽ നേടാനും നൈപുണ്യ പരിശീലനത്തിനും തയ്യാറായ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സ്ഥാപനങ്ങളിൽ കൂട്ടായ്മയും നോളജ് ജോബ് യൂണിറ്റും രൂപീകരിക്കുന്നതാണ് പദ്ധതി.
വിദ്യാർത്ഥികളെയും പൂർവ്വ വിദ്യാർത്ഥികളെയും തൊഴിൽ അവസരങ്ങളുമായി ബന്ധിപ്പിക്കുകയും കരിയർ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അവരെ സഹായിക്കുകയും വഴി പദ്ധതിയുടെ വിജയത്തിൽ പ്രധാന പങ്കുള്ളവരാണ് പ്ലേസ്മെന്റ് ഓഫീസർമാർ. പദ്ധതിയുടെ കോളേജ് തല പ്രവർത്തനങ്ങൾ സുഗമമായി നിർവ്വഹിക്കാനുള്ള സമഗ്ര പരിശീലനം പരിപാടിയിൽ ഇവർക്ക് ഉറപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.