ഇലക്ട്രിക് ഓട്ടോറിക്ഷ: പ്രതിമാസം പതിനായിരം രൂപയിലധികം ഇന്ധനചെലവില്‍ ലാഭിക്കാം

Share

ഇലക്ട്രിക് ഓട്ടോറിക്ഷയിലേക്ക് മാറുന്നതിലൂടെ പ്രതിമാസം പതിനായിരം രൂപയിലധികം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഇന്ധനചെലവില്‍ ലാഭിക്കാമെന്ന് ബഹു.വൈദ്യുതി വകുപ്പ് മന്ത്രി.ശ്രീ.കെ കൃഷ്ണന്‍കുട്ടി അഭിപ്രായപ്പെട്ടു. കോഴിക്കോട് നഗരത്തിലെ തിരഞ്ഞെടുത്ത പത്ത്‌ കേന്ദ്രങ്ങളിലായി കെ.എസ്‌.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീടുകളില്‍ പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചാല്‍, ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വീട്ടിലെ വൈദ്യുതി ഉപയോഗത്തിനും മാത്രമല്ല പാചകത്തിനും വൈദ്യുതി ഉപയോഗിച്ച്, പ്രതിമാസ കുടുംബചെലവുകള്‍ കുറയ്ക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേരള ബാങ്കുമായി ചര്‍ച്ചചെയ്ത് ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി കുറഞ്ഞ പലിശ നിരക്കില്‍ ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി വായ്പ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WhatsApp Image 2021 10 09 at 5.57.08 PM 1

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ചാര്‍ജ്ജിംഗ്‌ സ്റ്റേഷനില്‍ ആദ്യ വാഹനം ചാര്‍ജ്ജു ചെയ്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച ബഹു. പൊതുമരാമത്ത്‌, ടൂറിസം വകപ്പ്‌ മന്ത്രി ശ്രീ. മുഹമ്മദ്‌ റിയാസ്‌ അഭിപ്രായപ്പെട്ടു.

കേരളത്തിലെ നിലവിലെ സ്ഥിതിയില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഏറ്റവും കൂടുതല്‍ ഉള്ളത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌. കോഴിക്കോട്‌ സിറ്റിയില്‍ മാത്രം അറുന്നൂറോളം ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഓടുന്നുണ്ട്‌. ഇവ എല്ലാം തന്നെ വീടുകളില്‍ രാത്രി ചാര്‍ജ്ജ്‌ ചെയ്യുകയും 120-130 കി.മീ. ഓടിയതിനുശേഷം ബാറ്ററി ചാര്‍ജ്ജ്‌ തീരുകയും ചെയ്യുന്നു. തുടര്‍ന്ന്‌ ഓടുന്നതിനായി ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ ലഭ്യമല്ലാത്തതിനാല്‍ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്‌.

WhatsApp Image 2021 10 09 at 5.57.08 PM

ഇതിനൊരു പരിഹാരമായി ഓട്ടോറിക്ഷകള്‍ക്കും ഇരു ചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ്ജ്‌ ചെയ്യാന്‍ ഉതകുന്ന തരത്തില്‍ കോഴിക്കോട്‌ സിറ്റിയില്‍ തിരഞ്ഞെടുത്ത പത്ത്‌ ലൊക്കേഷനുകളിലായി കെ.എസ്‌.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള “പോള്‍ മൌണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍” സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകള്‍ ഉപയോഗപ്പെടുത്തി കോഴിക്കോട്‌ ടൌണില്‍ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്കും മൊബൈല്‍ ഫോണ്‍ വഴി പണമടച്ച്‌ ചാര്‍ജ്ജ്‌ ചെയ്യാന്‍ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ്‌ വാലറ്റ്‌ നിരക്ക്‌ 100 രൂപയാണ്‌. ഒരു തവണ ഫുള്‍ ചാര്‍ജ്ജ്‌ ചെയ്യുമ്പോള്‍ 70 രൂപ മൊബൈല്‍ ഫോണ്‍ വഴി അടയ്ക്കാം. തുടര്‍ന്ന്‌ 120-130 കി.മീ. ഓടുവാന്‍ കഴിയും.

കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഗവണ്‍മെന്റ്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസൃതമായാണ്‌ സാധാരണ ജനങ്ങള്‍ക്ക്‌ വളരെയേറെ ഉപകാരപ്രദമായ ഈ പദ്ധതി നടപ്പാക്കുന്നത്‌. ഓരോ ഓട്ടോറിക്ഷയും ചാര്‍ജ്ജ്‌ ചെയ്യാന്‍ എടുക്കുന്ന സമയം, ഉപയോഗിച്ച വൈദ്യുതി, അടച്ച തുക ഇവയെല്ലാം തന്നെ കെ. എസ്‌. ഇ. ബി. എല്‍. നും അതുപോലെ തന്നെ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും തല്‍സമയം അറിയുവാന്‍ കഴിയും. നിലവിലുള്ള പോസ്റ്റുകളില്‍ തന്നെ ഇവ ഉറപ്പിക്കുന്നതിനാല്‍ അധിക ചിലവ്‌ വരുന്നില്ല. CCTV അടക്കമുള്ള മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ്‌ ഈ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുള്ളത്‌. ഇപ്രകാരം സിറ്റിയില്‍ ഓടുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക്‌ കൂടുതല്‍ സമയം ഓടുവാനും തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിപ്പിക്കാനും സാധിക്കും.

കോഴിക്കോട്‌ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ്‌ കമ്പനിയായ Charge MOD ആണ്‌ ഇതിനായി ചാര്‍ജ്ജിംഗ്‌ ഉപകരണങ്ങളും സോഫ്റ്റ്‌ വെയറും മറ്റും വികസിപ്പിച്ചത്‌. സംസ്ഥാന ഗവണ്‍മെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടില്‍ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ്‌ പ്രസ്തുത ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ സ്ഥാപിച്ചത്‌. രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലുമായി 1000 പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഒരു പെട്രോള്‍ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാന്‍ 14 ലിറ്റര്‍ പെട്രോള്‍ വേണ്ടി വരും. എന്നാല്‍ ഇത്രയും ദൂരം ഓടാന്‍ ഒരു ഇലക്ടിക്‌ ഓട്ടോയ്ക്ക്‌ ശരാശരി ഏഴ്‌ യൂണിറ്റ്‌ വൈദ്യതി മതിയാകും. ഈ സംവിധാനം കെ.എസ്‌.ഇ.ബി.എല്‍.ന്‌ കേന്ദ്രീകൃതമായി പണം വരുന്നതും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും, ഏത്‌ വണ്ടിയാണ്‌ ചാര്‍ജ്ജ്‌ ചെയ്തതെന്നും അടക്കം സോഫ്റ്റ്‌ വെയര്‍ വഴി അറിയുവാന്‍ കഴിയും. പെട്രോള്‍ ഓട്ടോ ഓടിക്കുന്ന ഒരാള്‍ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാന്‍ വരുന്ന ചിലവ്‌ 13,500/- രൂപയോളം ചെലവ്‌ വരും. ഇലക്ടിക്‌ ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാന്‍ എകദേശം 2,220/- രൂപയോ ആകൂ. അതായത്‌ ശരാശരി ഒരു മാസം 11,000/- രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക്‌ ലാഭിക്കാം.

കോഴിക്കോട് നോര്‍ത്ത് എം എല്‍ എ ശ്രീ.തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കെ.എസ്.ഇ.ബി.എല്‍. ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി.അശോക് IAS സ്വാഗതവും, കെ.എസ്.ഇ.ബി.എല്‍. ഡയറക്ടര്‍ (ആര്‍ഇഇഎസ്, സൗര, സ്പോര്‍ട്സ് & വെല്‍ഫെയര്‍) ശ്രീ.ആര്‍ സുകു റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ എസ് ഇ ബി എല്‍ കോഴിക്കോട് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ശ്രീ. പി ചന്ദ്രബാബു കൃതജ്ഞത രേഖപ്പെടുത്തി. ചടങ്ങില്‍ ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, കെ എസ് ഇ ബി എല്‍ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.