രണ്ട് കേസുകൾ: ഇന്ന് നിര്‍ണായകം; പള്ളിയിലെത്തി പ്രാർഥന നടത്തി ദിലീപ്

Share

കൊച്ചി∙ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ ആലുവ പള്ളിയിലെത്തി പ്രാർഥന നടത്തി ദിലീപ്. ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാര്‍ത്തിയും പ്രാര്‍ഥിച്ചു. ദിലീപ് സ്ഥിരമായി ഇവിടെ പ്രാര്‍ഥനയ്ക്ക് എത്താറുണ്ട്. ഇന്ന് ഉച്ചയ്ക്ക് 1.45 നാണ് ദിലീപിന്റെ ജാമ്യഹർജി കോടതി പരിഗണിക്കുക.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയയ്ക്കുന്ന കാര്യത്തില്‍ ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവും ഇന്നുണ്ടാകും. രാവിലെ 11 മണിക്കാണു കേസ് പരിഗണിക്കുന്നത്. ഇന്ന് ദിലീപിന്റെ രണ്ട് കേസുകളാണ് പരഗണനയിലുള്ളത്. അതുകൊണ്ട് തന്നെ  ഈ ദിവസം ദിലീപിന് നിർണായകമാണ്.

ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറ് ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ചാണ് കോടതി ഇന്ന് തീരുമാനമെടുക്കുക. ഫോണുകള്‍ കോടതിയില്‍ തുറന്നുപരിശോധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പ്രതിഭാഗം ഇന്നലെ എതിര്‍ത്തിരുന്നു. തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അന്വേഷണസംഘം ഇന്നലെ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഉറച്ച് നില്‍ക്കുകയാണ്.