ഗരംമസാലയിൽ എലിവിഷം ….? വ്യാജകറുവപ്പട്ട വിപണിയിൽ വ്യാപകം

Share

സദ്യ ഒരുക്കാൻ ഗരം മസാല വാങ്ങുന്നവർ സൂക്ഷിക്കുക. അതിലെ കറുവപ്പട്ട അമേരിക്കയിൽ എലികളെ കൊല്ലുന്ന കാസിയയാകാം. ചൈനയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും മാരക വിഷമായ കോമറിൻ അടങ്ങിയ കാസിയ കേരള വിപണിയിൽ സർവ്വ സാധാരണം.

രഞ്ജിത് ബാബു

കണ്ണൂർ:. മനുഷ്യ ജീവന് ഹാനികരമായതെന്ന് വ്യക്തമാക്കപ്പെട്ട വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം ഗരം മസാലയിൽ ചേർത്തും തനി കറുവപ്പട്ട എന്ന പേരിലും തകൃതിയായി വിപണനം നടത്തിവരികയാണ്. അറിഞ്ഞോ അറിയാതേയോ ആയുർവേദ ഔഷധങ്ങളിലും ഇത് ചേർക്കപ്പെടുന്നുണ്ട്. കാസിയ രാജ്യത്ത് എത്തുന്നത് തൂത്തുക്കുടി, ചെന്നൈ, വിശാഖ പട്ടണം, മുംബൈ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ തുറമുഖം വഴിയാണ്. നേരത്തെ കൊച്ചി തുറമുഖം വഴി നേരിട്ട് കേരള വിപണിയിലെത്തിയിരുന്നുവെങ്കിലും ഇപ്പോൾ അത് തടഞ്ഞിരിക്കയാണ്. ലോകത്തെ കാസിയയുടെ 30 ശതമാനം വിപണിയും ഇന്ത്യയിലാണ്. അതുകൊണ്ടു തന്നെ മലയാളികളുടെ സദ്യവട്ടങ്ങളിൽ കറുവപ്പട്ടയുടെ സ്ഥാനത്ത് വ്യാജനായ കാസിയ വിലസുകയാണ്.കാൻസർ ഉൾപ്പെടെയുള്ള മാരക ഉദര രോഗങ്ങൾക്ക് കാരണമാണ് കാസിയ എന്ന് തെളിഞ്ഞിട്ടുണ്ട്. സുഗന്ധ വ്യജ്ഞനമെന്ന പേരിൽ യാതൊരു മാനദണ്ഡവുമില്ലാതെയാണ് കാസിയ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്നത്. ആയുർവേദ മരുന്നുകളിലും കറുവപ്പട്ട എന്ന പേരിൽ ചേർക്കപ്പെടുന്നതിനാൽ രോഗിക്ക് മരുന്നിനുപകരം വിഷം നൽകപ്പെടുകയാണെന്ന് കറുവപ്പട്ട കർഷകനായ ലിയോണാർഡ് ജോൺ പറയുന്നു.

മലയാളിയുടെ സദ്യവട്ടങ്ങളിൽ സുഗന്ധ വ്യഞ്ജന കൂട്ടിനൊപ്പം എത്തുന്നത് ഭൂരിഭാഗവും കോമറിൻ എന്ന വിഷമായ കാസിയയാണ്. വിദേശങ്ങളിൽ എലിവിഷമായി ഉപയോഗിക്കുന്ന കാസിയ ഒറ്റനോട്ടത്തിൽ കറുവപ്പട്ടയാണെന്നേ തോന്നൂ. കാൻസറും ഗുരുതരമായ വൃക്കരോഗങ്ങളും കാസിയയുടെ ഉയോഗം മൂലം ഉണ്ടാകുമെന്ന് തെളിഞ്ഞിട്ടുളളതായി ലിയാനോർഡ് ജോൺ പറയുന്നു. സാധാരണ ഗതിയിൽ ഗരം മാസലയിൽ ചേർത്തും പട്ടയായും കാസിയ മാർക്കറ്റിൽ സുലഭമാണ്. യഥാർത്ഥ കറുവപ്പട്ടക്ക് ബ്രൗൺ നിറവും നേരിയ തൊലിയുമായിരിക്കും. മിതമായ ഗന്ധം മാത്രമേ അതിന് ഉണ്ടാവുകയുള്ളൂ. എന്നാൽ കാസിയ കറുപ്പു കലർന്ന പട്ടയാണ്. രൂക്ഷമായ ഗന്ധവുമുണ്ടാകും. ഇതാണ് യഥാർത്ഥ കറുവപ്പട്ടയെന്ന ധാരണയാണ് സാധാരണ വീട്ടമ്മമാരിൽ ഉണ്ടാകാറുള്ളത്. അതുകൊണ്ടു തന്നെ മാരകമായ ഈ കറുവപ്പട്ട ഗരം മസാലയോടൊപ്പവും പട്ട വാങ്ങിപ്പൊടിച്ചും കറികളിലും മാംസാഹാരത്തിലും വ്യാപകമായി ഉപയോഗിച്ചു വരുന്നു. അറിയാതെ മാരക രോഗത്തിലേക്ക് അടുക്കുകയാണ് ഇതിലൂടെ മലയാളി സമൂഹം.

ആരോഗ്യ വകുപ്പിൽ ചെലവഴിക്കുന്നതിന്റെ 65 ശതമാനവും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാനാണ് കേരളത്തിൽ വിനിയോഗിക്കപ്പെടുന്നത്. എന്നാൽ മനുഷ്യ ജീവന് ഹാനികരമാവുന്ന കോമറിൻ എന്ന വിഷമടങ്ങിയ വ്യാജ കറുവപ്പട്ട സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നതിന് തടയിടാനാവുന്നില്ല.

ദേശീയ ഭക്ഷ്യ സുരക്ഷാ നിലവാര അതോറിററി നേരത്തെ തന്നെ കാസിയയുടെ ഇറക്കുമതി തടയണമെന്ന് സംസ്ഥാനത്തോട് നിർദേശം നൽകിയിരുന്നു. എന്നാൽ അത് ഇത് വരെ പാലിക്കപ്പെട്ടിട്ടില്ല. വിലയിലെ വൻ അന്തരമാണ് കറുവപ്പട്ടക്ക് പകരം കാസിയ ഇറക്കുമതി ചെയ്യാൻ ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുന്നത്. ചൈന , ഇന്തോനേഷ്യ, ശ്രീലങ്ക, എന്നിവിടങ്ങളിൽ നിന്നാണ് കാസിയ കേരളത്തിലേക്ക് എത്തിച്ചേരുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടി തുറമുഖം വഴിയാണ് നേരത്തെ കാസിയ എത്തിച്ചേർന്നത്. . അത് ശരിവെക്കും വിധം സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുമുതൽ പ്രാദേശിക പലചരക്കു കടകൾ വരെ വൻ തോതിൽ ഗരം മസാലയുടേയും കറവപ്പട്ടയുടേയും പേരിൽ കാസിയ വിപണനം ചെയ്യപ്പെടുകയാണ്. കേന്ദ്ര ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് വ്യാജ കറുവപ്പട്ടക്കെതിരെ മുന്നറിയിപ്പ് നൽകിയെങ്കിലും രാജ്യത്ത് ഇതിന്റെ വിപണനം നിർബാധം തുടരുകയാണ്.