ചീരഗ്രാമം പദ്ധതി: മറുനാടന്‍ പച്ചക്കറിയുടെ കടന്നുകയറ്റം തടയാന്‍ കേരളത്തിലെ കൃഷിയിനങ്ങൾ

Share

പന്തളം : മറുനാടന്‍ പച്ചക്കറിയുടെ കടന്നുകയറ്റം തടയാന്‍ ഒരോ ഇനം പച്ചക്കറിയിലും സ്വയംപര്യാപ്ത നേടുവാന്‍ ലക്ഷ്യം വെച്ച് ആരംഭിച്ച ചീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പന്തളം തെക്കേക്കരയില്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. പരമ്പരാഗതമായി പാറക്കര വാര്‍ഡില്‍ ചീരകൃഷിക്ക് പ്രസിദ്ധമായ തോലുഴം ഏലായില്‍ വ്‌ലാത്താങ്കര ചീര, തൈക്കല്‍ ചീര എന്നിവയുടെ വിത്തുകള്‍ എത്തിച്ച് തട്ടയുടെ സ്വന്തം ബ്രാന്‍ഡായി ഏകീകരണ സ്വഭാവമുള്ള ചീര ഉത്പാദിപ്പിക്കലാണ് ലക്ഷ്യം.

പ്രാദേശികമായി ഏറെ പ്രാധാന്യമുള്ള ഇനങ്ങളായ തൈക്കല്‍, വ്‌ലാത്താങ്കര ഇനങ്ങള്‍ ഈ വര്‍ഷം കൃഷി ചെയ്യുകയും ഇവിടെ നിന്ന് തന്നെ വിത്ത് ഉല്പാദിപ്പിച്ച് അടുത്ത വര്‍ഷത്തേക്ക് പരിസരപ്രദേശത്തേക്ക് കൂടി ഉപയോഗിക്കത്തക്കവിധം വിത്തുല്പാദനത്തില്‍ ഉള്‍പ്പെടെ സ്വയം പര്യാപ്തത കൈവരിക്കലാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.

നിലവില്‍ തട്ട ബ്രാന്‍ഡ് ലക്ഷ്യം വെയ്ക്കുന്നത് മറുനാടന്‍ചീര വഴിയോരങ്ങളില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് മൂലമുള്ള സാമൂഹിക ആരോഗ്യപ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനും പ്രദേശത്തിന്റെ തനിമ തിരിച്ചുകൊണ്ടുവരുവാനുമാണ് ജനകീയ ആസൂത്രണ പദ്ധതി പ്രകാരം കൃഷിഭവനും ഗ്രാമപഞ്ചായത്തും പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.