ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ ഒ.പി. ബ്ലോക്ക് പ്രവര്‍ത്തനസജ്ജമാക്കുന്നതിന് ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനായി കിഫ്ബി വഴി 16.43 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 117 കോടി രൂപയുടെ അത്യാധുനിക ഒ.പി. ബ്ലോക്കില്‍ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കി വരുന്നത്. നിലവിലെ കെട്ടിടം വളരെ പഴക്കമുള്ളതായതിനാലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. എത്രയും വേഗം പുതിയ കെട്ടിടം പ്രവര്‍ത്തനസജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
1.25 ലക്ഷം സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള അത്യാധുനിക സംവിധാനമുള്ള 7 നില കെട്ടിടമാണ് ഒരുങ്ങുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ രജിസ്‌ട്രേഷന്‍, മെഡിസിൻ, ഫാര്‍മസി, റേഡിയോളജി വിഭാഗം എന്നിവക്കുള്ള ഒ.പി.യുണ്ടാകും. ഒന്നാം നിലയില്‍ പീഡിയാട്രിക്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്ത്താല്‍മോളജി, ഫ്‌ളൂറോസ്‌കോപ്പി, മാമോഗ്രാഫി എന്നിവയുടെ ഒ.പി. കളാണ്.
രണ്ടാം നിലയില്‍ റെസ്പിറേറ്ററി മെഡിസിൻ, സര്‍ജറി, ദന്തൽ, ഇ.എന്‍.ടി. എന്നിവക്കുള്ള ഒ.പി.യാണ് ഉണ്ടാവുക. മൂന്നാം നിലയില്‍ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. നാലാം നിലയില്‍ യൂറോജി, ന്യൂറോളജി, ഗ്യാസ്‌ട്രോ സര്‍ജറി എന്നീ ഒ.പി.കളും, ഗ്യാസ്‌ട്രോ മെഡിസിന്‍, ന്യൂറോ സര്‍ജറി ഡിപ്പാര്‍ട്ട്‌മെൻ്റുമാണ്. അഞ്ചാം നിലയില്‍ ഡെര്‍മറ്റോളജി, ഓങ്കോളജി എന്നീ ഒ.പി.കളും, ഓങ്കോളജി വാർഡുമാണ്. ഏഴാം നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ലബോറട്ടറി എന്നിവയാണ് പ്രവർത്തിക്കുക.