ന്യൂ ഡൽഹി: ഈ വർഷത്തെ നാവികസേന അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിന് ഇപ്പോൾ മുതൽ അപേക്ഷിക്കാം. നിലവിൽ പുതിയ ബാച്ചിലേക്ക് 1465 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 293 ഒഴിവുകള്‍ വനിതകള്‍ക്കാണ്. അവിവാഹിതരായ യുവാക്കൾക്ക് മാത്രമാണ് അഗ്നിവീർ പ്രവേശനത്തിന് യോഗ്യതയുള്ളത്. അഗ്നിവീർ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15.
അഗ്നിവീർ മെട്രിക് റിക്രൂട്ട്സിന് പത്താം ക്ലാസ്സാണ് യോഗ്യത. എസ്.എസ്.ആര്‍. വിഭാഗത്തില്‍ അപേക്ഷിക്കുവാൻ പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നിവയും കെമിസ്ട്രി/ ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലൊന്ന് വിഷയമായി പഠിച്ചിരിക്കണം. പുരുഷന്മാര്‍ക്ക് കുറഞ്ഞത് 157 സെന്റീമീറ്ററും വനിതകള്‍ക്ക് 152 സെന്റീമീറ്ററും ഉയരമുണ്ടായിരിക്കണം.കൂടാതെ മികച്ച ശാരീരിക ക്ഷമത, കാഴ്ചശക്തി എന്നിവയുണ്ടായിരിക്കണം.
അപേക്ഷകര്‍ 2002 നവംബര്‍ 1-നും 2006 ഏപ്രില്‍ 30-നും മധ്യേ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവരാകണം. രണ്ട് ഘട്ടമായുള്ള ഓണ്‍ലൈന്‍ എഴുത്തുപരീക്ഷ, ശാരീരിക ക്ഷമതാപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
എം.ആര്‍. വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 50 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് 30 മിനിറ്റും എസ്.എസ്.ആര്‍. വിഭാഗത്തിലേക്ക് 100 മാര്‍ക്കിനുള്ള എഴുത്തുപരീക്ഷയ്ക്ക് ഒരുമണിക്കൂര്‍ ആയിരിക്കും സമയം. തെറ്റുത്തരത്തിന് 0.25 നെഗറ്റിവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. യോഗ്യതയ്ക്ക് അനുസൃതമായ സിലബസ് ആയിരിക്കും പരീക്ഷയ്ക്ക് ഉണ്ടാവുക. 1.6 കി.മി. ഓട്ടം, പുഷ്-അപ്, സിറ്റ്-അപ്, സ്‌ക്വാട്ട് എന്നിവയുള്‍പ്പെടുന്നതായിരിക്കും ശാരീരിക ക്ഷമതാപരീക്ഷ. വനിതകള്‍ക്ക് പുഷ്-അപും പുരുഷന്മാര്‍ക്ക് സിറ്റ്-അപും ഉണ്ടായിരിക്കില്ല.
തിരഞ്ഞെടുക്കപ്പെടുന്ന അഗ്നിവീറിന് 4 വർഷത്തേക്കാണ് നിയമനം. ഇതിൽ 25 ശതമാനം അഗ്നിവീറിന് സ്ഥിരനിയമനം നൽകും. അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം 30,000 രൂപയും അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമാണ് പ്രതിമാസ വേതനം. ഇതില്‍നിന്ന് 30 ശതമാനം അഗ്‌നിവീര്‍ കോര്‍പസ് ഫണ്ടിലേക്ക് വകയിരുത്തും. നാല് വര്‍ഷ സേവനത്തിനുശേഷം സേനയില്‍നിന്ന് പിരിയുന്നവര്‍ക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി നല്‍കും.
അഗ്നിവീറിലേക്കുള്ള അപേക്ഷകൾ https://agniveernavy.cdac.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോട്ടോയും യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം. 550 രൂപയാണ് അപേക്ഷാഫീസ്. ഫീസ് ഇന്റര്‍നെറ്റ് ബാങ്കിങ്/ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ്/ യു.പി.ഐ. വഴി ഓണ്‍ലൈനായി അടയ്ക്കണം.