സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപനത്തോടെ നടപ്പാക്കുന്നതിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 12 രാജ്യങ്ങളിലും മേഖലകളിലുമായി ‘ഗ്ലോബൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകളും’ നാല് വിഷയാധിഷ്ഠിതമായ ‘ഹെൽപ്പ് ഡെസ്കുകളും’ രൂപീകരിക്കും.
കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ രൂപീകരിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കോ-ഓർഡിനേഷൻ കൗൺസിലുകളിലേയ്ക്ക് ഇപ്പോള്‍ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.
അംഗീകൃത പ്രവാസി മലയാളി സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ ലോക കേരളസഭ അംഗങ്ങൾ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് നാമനിർദേശം നടത്താം.
നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് 2026 ആഗസ്റ്റ് 06 നകം നാമനിർദേശങ്ങൾ നല്‍കാവുന്നതാണ്.
കോഓർഡിനേഷൻ കൗൺസില്‍ രൂപീകരണത്തിന് മുന്നോടിയായി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ കേരളീയ പ്രവാസി സംഘടനാ ഭാരവാഹികൾ ലോക കേരള സഭാംഗങ്ങൾ എന്നിവരുമായി നോർക്ക റൂട്സ് അധികൃതരുമായി ഓൺലൈൻ ചർച്ച നടത്തി.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആസിഫ് കെ യൂസഫ്, ജനറൽ മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ പദ്ധതി വിശദീകരിച്ചു. നിലവിൽ പ്രവർത്തിക്കുന്ന നോർക്ക കാനഡ കോഓർഡിനേഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ അംഗം സൂരജ് അത്തിപ്പറ്റ വിശദീകരിച്ചു.
ആഗോളതലത്തിലുള്ള പ്രവർത്തനങ്ങളുടെ സംയോജനത്തിനായി കോഓർഡിനേഷൻ ഡെസ്ക്ക്, സുരക്ഷിതമായ കുടിയേറ്റത്തെക്കുറിച്ചും വിവരങ്ങളെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിനായി മൈഗ്രേഷൻ അവെയർനസ് ഡെസ്ക്, പ്രവാസികൾ നേരിടുന്ന അത്യാഹിതങ്ങളിലും പ്രയാസങ്ങളിലും അടിയന്തര സഹായം നൽകുന്നതിനായി ഡിസ്ട്രസ് സപ്പോർട്ട് ഡെസ്ക്, നാടിന്റെ വികസനത്തിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ഡെസ്ക് എന്നിവയാണ് നാല് പ്രധാന ഹെൽപ്പ് ഡെസ്കുകൾ. പൂർണമായും സന്നദ്ധ പ്രവർത്തനമായാണ് കോഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്‌ക്കുകളും പ്രവർത്തിക്കുക. 1) കാനഡ 2) ജർമ്മനി & ബെനലക്സ് രാജ്യങ്ങൾ (ബെൽജിയം, നെതർലാൻഡ്സ്, ലക്സംബർഗ്) 3) സൗത്ത് ഈസ്റ്റ് ഏഷ്യ (ആസിയാൻ രാജ്യങ്ങൾ) 4) വെസ്റ്റ് & നോർത്ത് ആഫ്രിക്ക 5) ഈസ്റ്റേൺ ആഫ്രിക്ക 6) സതേൺ & സെൻട്രൽ ആഫ്രിക്ക 7) ഓസ്ട്രേലിയ & ന്യൂസിലാൻഡ് 8) നോർഡിക് രാജ്യങ്ങൾ (സ്വീഡൻ, നോർവേ, ഡെൻമാർക്ക്, ഫിൻലാൻഡ്) 9) ഈസ്റ്റേൺ യൂറോപ്പ് & റഷ്യ 10) ഈസ്റ്റ് ഏഷ്യ (ചൈന, ജപ്പാൻ, നോർത്ത് കൊറിയ, സൗത്ത് കൊറിയ, തായ്‌വാൻ) 11) ഇറ്റലി & മാൾട്ട 12) യു.കെ. & അയർലൻഡ് എന്നീ രാജ്യങ്ങളിലും/മേഖലകളിലാണ് കോഓർഡിനേഷൻ കൗൺസിലുകൾ നിലവില്‍ വരിക.
കൂടുതൽ വിവരങ്ങൾക്ക്: 0471 2770501 (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളില്‍), +91 94464 23339, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.