ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡീസിന്റെ അത്യാഡംബര എസ്യുവി മോഡലായ മെയ്ബ ജിഎല്‍എസ് 680-യുടെ 2026 പതിപ്പ് പ്രദര്‍ശിപ്പിച്ചു. മുന്‍ഗാമിയായിരുന്ന മെയ്ബ ജിഎല്‍എസ് 600-ല്‍ നിന്ന് മാറ്റങ്ങളോടെയാണ് മുഖംമിനുക്കിയ മോഡല്‍ വരുന്നത്. മെയ്ബ ഗ്രില്ല് മുന്‍ മോഡലിലേത് പോലെ ഇതിലും തുടരുന്നു. എന്നാല്‍, ഇതിന് മുകളിലായി തിളങ്ങുന്ന മെയ്ബ ബാഡ്ജിങ് പുതുമയാണ്. രണ്ട് ത്രീ പോയന്റ് സ്റ്റാര്‍ ഡിആര്‍എല്‍ ഉള്‍പ്പെടെത്തി റീ ഡിസൈന്‍ ചെയ്ത ഹെഡ്ലൈറ്റാണ് 2026 പതിപ്പില്‍ നല്‍കിയിട്ടുള്ളത്. ബോണറ്റില്‍ തിളങ്ങുന്ന എംബ്ലം നല്‍കുന്നത് ഓപ്ഷണലാണ്. മുന്നിലെ ബമ്പറിന്റെ ഡിസൈനിലും അഴിച്ചുപണി വരുത്തിയിട്ടുണ്ട്. എം177 ഇവോ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി8 എന്‍ജിനാണ് മെയ്ബ ജിഎല്‍എസ് 680-യില്‍ നല്‍കിയിട്ടുള്ളത്. ഇത് 603 എച്ച്പി പവറും 850 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. ഇതിനൊപ്പം 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. 23 എച്ച്പി പവര്‍ സപ്പോര്‍ട്ട് ഇത് നല്‍കുന്നുണ്ട്.