സിക്കിം എൻ.എച്ച്.പി.സി തുരങ്ക ദുരന്തത്തിൽപ്പെട്ട
കോട്ടയം പാമ്പാടി സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമായി തുടരുന്നു.
അനീഷ് മോഹന്റെ കുടുംബത്തെ അപകടം നടന്ന സ്ഥലത്ത് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികാരികൾ അറിയിച്ചു.
നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ ‘ഹെഡ് റേസ് ടണലിൽ’ സംഭവിച്ച വൻ സ്ഫോടനത്തെതുടർന്നാണ് ദുരന്തമുണ്ടായത്.
ജൂലായ് 20 ന് ഉച്ചയ്ക്ക് 1:04-നാണ് ദുരന്തമുണ്ടായത്. പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ൻ വാതകം പെട്ടെന്ന് പുറത്തേക്ക് വന്ന് സ്ഫോടനം സംഭവിക്കുകയായിരുന്നു. തുരങ്കത്തിനുള്ളിൽ കനത്ത പുകയും വിഷവാതകങ്ങളും നിറഞ്ഞു.
അപകടസമയത്ത് 25 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 12 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കണ്ടെടുത്ത 12 മൃതദേഹങ്ങളിൽ 8 എണ്ണം തിരിച്ചറിഞ്ഞതായി നാംചി ജില്ലാ എ.ഡി.എം അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (DGMS), പ്രാദേശിക ഭരണകൂടം എന്നിവർ ചേർന്ന് സിക്കിം സർക്കാരിൻ്റെ ഏകോപനത്തിൽ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.