മണ്ണിടിച്ചില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണം അഞ്ചായി.
രാവിലെ ഏഴ് മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. ഒമ്പത് മണിയോടെയാണ് എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ മുഹമ്മദ് ഇമ്രാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.
മീനാക്ഷി പുഴ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
നാല് സോണുകളിലായാണ് തിരിച്ചിൽ. ഒന്നാംസോണിലും മൂന്നാം സോണിലും ആണ് അതീവ സാധ്യതാ ഇടമായി ദൗത്യസംഘം വിലയിരുത്തിയത്. മൂന്നാം സോണിലും മീനാക്ഷി പുഴയിലും ആകും പരിശോധന. രണ്ടാം ദിവസം ഒന്നാം സോണില്‍ കേ ഡാവർ നായകള്‍ സൂചന നല്‍കിയിരുന്നെങ്കിലും വിഫലമായിരുന്നു.
പാലത്തിനോട് ചേർന്ന പുഴയുടെ ഇരുവശങ്ങളിലും സംഘം തിരച്ചില്‍ നടത്തി. വിവിധ മേഖലകളില്‍ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, എൻ.ഡി.ആർ.എഫ്, മറ്റ് സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാണ്. ഇടവിട്ടുള്ള മഴ തിരച്ചിലിന് പ്രതികൂലമാകുന്നുണ്ട്.
സംരക്ഷണഭിത്തി തകർന്നതിനു മുകളിലായി വീണ്ടും മണ്ണിടിയുന്നത് ദൗത്യസംഘങ്ങളില്‍ ആശങ്കയുയർത്തി. വരും മണിക്കൂറുകളിലെ മഴയുടെ കാഠിന്യമാകും രക്ഷാപ്രവർത്തനത്തിന്റെ വേഗത നിശ്ചയിക്കുക.