[കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം]
കൊച്ചി കോര്‍പ്പറേഷനിലെയും സമീപ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി ആലുവയില്‍ പുതിയ 190 എം.എല്‍.ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്കി.
പദ്ധതിക്കായി ജലവിഭവ വകുപ്പ് 523 കോടി രൂപയുടെ ഭരണാനുമതി നല്കി. ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇംപ്രൂവ്മെന്റ് പ്രൊജക്റ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് നിരവധി തവണ നിയമസഭയില്‍ ആവശ്യപ്പെട്ട പദ്ധതിയാണ് ഈ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്.
ജലശുദ്ധീകരണ ശാല യാഥാര്‍ത്ഥ്യമാകുന്നതോടെ കൊച്ചി കോര്പ്പറേഷന്, ആലുവ, ഏലൂര്‍, തൃക്കാക്കര, കളമശ്ശേരി, മരട് എന്നീ നഗരസഭകള്‍ക്കും കീഴ്മാട്, എടത്തല, ചൂര്‍ണ്ണിക്കര, ഞാറക്കല്‍, എളങ്കുന്നപ്പുഴ, മൂലവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനല്ലൂര്‍, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി എന്നീ 13 ഗ്രാമപഞ്ചായത്തുകളിലും തടസമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ സാധിക്കും.
15 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കും. ആലുവയില്‍ നിലവിലുള്ള ജലശുദ്ധീകരണ ശാലയ്ക്ക് സമീപത്തെ 1.57 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.