മണ്ണിടിച്ചിലിൽ കാണാതായ 5 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും കാലാവസ്ഥ അനുവദിച്ചാൽ രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുമെന്ന് മേൽനോട്ട ചുമതലയ്ക്കായി എത്തിയ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്ക് പറഞ്ഞു.
ജില്ലാ ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും ചേർന്നുകൊണ്ടുള്ള രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ്.
മൂന്ന് പേരുടെ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയിട്ടുള്ളത്. അവരെ തിരിച്ചറിഞ്ഞിട്ടില്ല. 7 പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്. അതിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനാണ്. 5 പേരെയാണ് കാണാതായിരിക്കുന്നത്.
മണ്ണിനടിയിൽ കൂടുതൽ പേർ ഉണ്ടെന്നാണ് സംശയം. മണ്ണ് നീക്കി തിരച്ചിൽ പുരോഗമിക്കുകയാണ്. മഴ തുടരുന്നതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ പ്രദേശത്തുള്ളവരെ മാറ്റി പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരിച്ചവരുടെ ഇൻക്വസ്റ്റ് നടപടിക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മാത്രമേ മറ്റ് നടപടികൾ കൈകൊള്ളുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.