വയനാട് മണ്ണിടിച്ചിലിൽ മണ്ണിനടിയിൽ ആളുകൾ കുടുങ്ങി കിടക്കുന്നുണ്ടോ എന്നറിയാൻ മൂവ്മെന്റ് ലോക്കേറ്റിംഗ് ക്യാമറയും കെഡാവർ നായ്ക്കളെയും കൊണ്ട് തിരച്ചിൽ ആരംഭിച്ചു.
മീനാക്ഷി എസ്റ്റേറ്റിൽ ഉള്ളവരെ യുള്ള 21 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ചുളിക്ക ജി.എൽ.പി സ്കൂളിലെക്കാണ് മാറ്റിയത്. 66 പേർ ആണ് ഇവിടെ ഉള്ളത്. മണ്ണടിയിലെ ജീവന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്ന ‘മൂവ്മെന്റ് ലൊക്കേറ്റിംഗ് ക്യാമറകളാണ് രക്ഷാപ്രവർത്തകർ ഉപയോഗിക്കുന്നത്.
മണ്ണിനടിയിൽ എന്തെങ്കിലും തരത്തിലുള്ള ചലനങ്ങളോ അനക്കങ്ങളോ ക്യാമറയിൽ ശ്രദ്ധയിൽപ്പെട്ടാൽ, അവിടെ അതീവ ജാഗ്രതയോടെ പതിയെ മണ്ണ് നീക്കി ആളുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനാണ് എൻ.ഡി.ആർ.എഫ് ശ്രമിക്കുന്നത്.
തിരച്ചിൽ കൂടുതൽ ഫലപ്രദമാക്കുന്നതിനായി രണ്ട് കെഡാവർ നായ്ക്കളും തിരച്ചിൽ നടത്തുന്നു.
പ്രദേശത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എൻ.ഡി.ആർ.എഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി കമാൻഡന്റിന്റെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്.
യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്തപ്രതികരണ സേനയുടെ രണ്ട് സംഘങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. 70 രക്ഷാപ്രവർത്തകരാണ് ഈ സംഘങ്ങളിലുള്ളത്. മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തുകയും ജീവനോടെ പുറത്തെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്.