സ്ത്രീ സുരക്ഷ സി.പി.എമ്മിൻ്റെ തട്ടിക്കുട്ട്; പരിശോധിച്ചശേഷമേ തുടരുകയുള്ളൂ: മുഖ്യമന്ത്രി

Share

[ വേണ്ടപ്പെട്ടവർക്കെല്ലാം പെൻഷൻ നൽകിയത് ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും ]

എല്‍.ഡി.എഫ് സര്‍ക്കാര്‍ 120 മാസം ഭരിച്ചിട്ടും ഭരണത്തിന്റെ അവസാന മാസം സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സ്ത്രീകളെ പറ്റിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ നിയമസഭയിൽ പറഞ്ഞു.

നിങ്ങള്‍ സ്ത്രീപക്ഷമായിരുന്നില്ല; ഞങ്ങളാണ് സ്ത്രീപക്ഷം; ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ പരിശോധിച്ചശേഷമെ സ്ത്രീ സുരക്ഷാ പദ്ധതി തുടരൂ.

പദ്ധതിയുടെ ഉദ്ഘാടനവും ആദ്യഘട്ട ധനസഹായ വിതരണവും നടത്തിയത് 2026 ഫെബ്രുവരി 11-നാണ്. അതായത് മാര്‍ച്ച് 16-ന് നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ്. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും ധനസഹായം അനുവദിച്ചത് മാര്‍ച്ച് 16നാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതും അതേദിവസമാണ്. ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് ഫീല്‍ഡ് ലെവല്‍ പരിശോധന നടന്നിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. 31.34 ലക്ഷം പേരെയാണ് ഇതില്‍ ഗുണഭോക്താക്കളായി ആദ്യം കണക്കാക്കിയത്. പിന്നീട് ഇത് 16.4 ലക്ഷമായി നിജപ്പെടുത്തി. പദ്ധതി പരിശോധിക്കാതെയും ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത രീതി സംബന്ധിച്ച ആക്ഷേപങ്ങള്‍ പരിശോധിക്കാതെയും സ്ത്രീസുരക്ഷാ പദ്ധതി തുടരുമോയെന്ന് പറയാന്‍ സാധിക്കില്ല.

ഈ ബജറ്റില്‍ പദ്ധതിക്കായി 1950 കോടി വകയിരുത്തിയിട്ടുണ്ട്. പദ്ധതി വേണ്ടെന്നു തീരുമാനിച്ചിട്ടില്ലെങ്കിലും അതേക്കുറിച്ച് പരിശോധിക്കും. വളരെ കുറഞ്ഞ ദിവസത്തിനുള്ളില്‍ പഞ്ചായത്ത് സെക്രട്ടറിയോ കോര്‍പ്പറേഷൻ സെക്രട്ടറിയോ ആണ് അപേക്ഷകള്‍ സ്വീകരിച്ച് തീരുമാനമെടുത്തത്. മറ്റു പെന്‍ഷനുകള്‍ വാങ്ങുന്നുണ്ടോയെന്ന കൃത്യമായ പരിശോധനകള്‍ പോലും നടത്തിയിട്ടില്ല.

പിണറായി സര്‍ക്കാര്‍ 120 മാസമാണ് അധികാരത്തിലിരുന്നത്. അതായത് പത്തു വര്‍ഷം. നൂറ്റി ഇരുപതാമത്തെ മാസം പ്രഖ്യാപിച്ച പദ്ധതിയാണിത്. ഞങ്ങളുടെ പ്രകടനപത്രികയില്‍ ഉണ്ടെന്നാണ് പറയുന്നത്. പ്രകടനപത്രിയിലുള്ളത് സര്‍ക്കാര്‍ തുടങ്ങുമ്പോഴാണോ, അതോ പോകുന്ന പോക്കിലാണോ നടപ്പാക്കുന്നത്.

2500 രൂപ സാമൂഹിക സുരക്ഷാപെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞാണ് നിങ്ങള്‍ വോട്ട് തേടി അധികാരത്തില്‍ എത്തിയത്. എന്നിട്ടും നാലേമുക്കാല്‍ വര്‍ഷം ഒരു രൂപപോലും കൂട്ടിക്കൊടുത്തില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ട് മുന്‍പ് 400 രൂപ കൂട്ടി 2000 ആക്കിക്കൊടുത്തു. പോകുന്ന പോക്കിലാണോ പ്രകടനപത്രിക നടപ്പാക്കുന്നത്. ഞങ്ങള്‍ അധികാരത്തിലെത്തി ആദ്യമാസം തന്നെ സ്ത്രീകളുടെ സൗജന്യ യാത്ര നടപ്പിലാക്കി. അതു സംബന്ധിച്ച തീരുമാനം ആദ്യ ക്യാബിനറ്റില്‍ എടുത്തു.

നിങ്ങള്‍ 99 പേരുമായി ഇരിക്കുമ്പോഴും പ്രതിപക്ഷ നേതാവായി ഞാന്‍ പറയാനുള്ളത് പറഞ്ഞിട്ടു തന്നെയാണ് പോയത്. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കല്ല.101 പേര്‍ ഒപ്പമുണ്ട്. എത്ര ബഹളമുണ്ടാക്കിയാലും പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ.

സ്ത്രീകളോട് സ്‌നേഹം പ്രകടിപ്പിക്കുന്ന നിങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ കാലങ്ങളോളം തെരുവില്‍ സമരം ചെയ്തത് കണ്ടില്ലേ? സ്ത്രീകള്‍ തല മുണ്ഡനം ചെയ്തില്ലേ? നിങ്ങള്‍ അവരെ സഹായിച്ചില്ലെന്നു മാത്രമല്ല പാട്ടപെറുക്കികള്‍ എന്ന് വിളിച്ച് പരിഹസിച്ചു. ഞങ്ങള്‍ ആദ്യമന്ത്രിസഭ യോഗത്തില്‍ തന്നെ അവര്‍ക്ക് 3000 രൂപ കൂട്ടിക്കൊടുത്തു. അതുകൂടാതെ അങ്കണവാടിയിലെ അദ്ധ്യാപകര്‍ക്കും പാചക തൊഴിലാളികള്‍ക്കും പ്രീ പ്രൈമറി ടീച്ചര്‍മാര്‍ക്കും ആദ്യമന്ത്രിസഭാ യോഗത്തില്‍ തുക വര്‍ദ്ധിപ്പിച്ചു. ഞങ്ങളാണ് സ്ത്രീപക്ഷം. നിങ്ങള്‍ സ്ത്രീപക്ഷമായിരുന്നില്ല. നിങ്ങള്‍ സ്ത്രീവിരുദ്ധ പക്ഷ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീപക്ഷത്തെ കുറിച്ച് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത് ഓര്‍മ്മിപ്പിക്കേണ്ടി വന്നത്.

പോകുന്ന പോക്കില്‍ പെന്‍ഷന്‍ വച്ചതു പോലെ പേ കമ്മിഷനെയും നിയോഗിച്ചു. എല്ലാ സര്‍ക്കാരുകളും അതത് സമയത്ത് പേ കമ്മിഷനുകള്‍ പ്രഖ്യാപിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശുപാര്‍ശകള്‍ നടപ്പാക്കും. നിങ്ങള്‍ പോകുന്ന പോക്കില്‍ പേ കമ്മിഷനെ നിയോഗിച്ചു. അതിന്റെ കാലാവധി ഈ സര്‍ക്കാരിന്റെ കാലത്ത് തീരും. എത്രയോ വര്‍ഷമാണ് ഡി.എയും ഡി.ആറും നിങ്ങള്‍ തടഞ്ഞു വച്ചത്. എന്നിട്ടാണ് പോകുന്ന പോക്കില്‍ കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. നിങ്ങള്‍ ചെയ്യാതിരുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യേണ്ടത് ഞങ്ങളാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ നിങ്ങള്‍ നല്‍കി. പെന്‍ഷന്‍ ബോര്‍ഡ് 17000 കോടി രൂപ കടമെടുത്തിരിക്കുകയാണ്. നിങ്ങള്‍ നല്‍കിയ 16 മാസത്തെ പെന്‍ഷന്‍ ബാധ്യത ഈ സര്‍ക്കാരിന്റെ തലയിലാണ്. ഞങ്ങള്‍ അത് കൊടുത്തു തീര്‍ക്കണം.

സ്ത്രീ സുരക്ഷാ പദ്ധതി കൃത്യമായല്ല നടപ്പാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ പദ്ധതിയാണ്. പെരുമാറ്റച്ചട്ടം വന്ന ദിവസമാണ് പെന്‍ഷന്‍ നല്‍കിയത്.

ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ ഒരു സമിതിയും ഉണ്ടായിരുന്നില്ല. വേണ്ടപ്പെട്ടവര്‍ക്കെല്ലാം നിങ്ങളുടെ ലോക്കല്‍ കമ്മിറ്റിയും ഏരിയ കമ്മിറ്റിയും ചേര്‍ന്നാണ് പെന്‍ഷന്‍ നല്‍കിയത്. അതൊന്നും പരിശോധിക്കാതെ സ്ത്രീ സുരക്ഷാ പദ്ധതി തുടരില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടിയപ്പോഴാണ് സ്ത്രീ സുരക്ഷാ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്. അതിനാല്‍ പരിശോധിച്ച ശേഷം മാത്രമേ പദ്ധതി തൂടരുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *