വിസ്മയ ബജറ്റിനായി ജനം കാത്തിരിക്കുന്നു

Share

യു.ഡി.എഫ് സർക്കാരിൻ്റെ ആദ്യ ബജറ്റ് മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് (വെള്ളി) അവതരിപ്പിക്കും. എല്ലാത്തിലും വിസ്മയം കാട്ടുന്ന വി.ഡി.സതീശൻ സർക്കാരിൻ്റെ ബജറ്റും വിസ്മയമാകും എന്ന പ്രതീക്ഷ നാടൊട്ടുക്ക് പരന്നിട്ടുണ്ട്. അധികാരത്തിലേറിയയുടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കിയ സർക്കാർ കേരള ജനതയെ മുഴുവൻ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. പ്രതിപക്ഷമാകട്ടെ ഇതുകണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്. പല മാർക്സിസ്റ്റ് നേതാക്കളും പിച്ചും പേയും പറയുന്ന മട്ടിലായി.

കെ.എസ്.ആർ.ടി.സി ൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയതിനെപ്പറ്റി മുൻമന്ത്രിയായിരുന്ന പി.കെ.ശ്രീമതി പറഞ്ഞതുകേട്ട് കേരളം പൊട്ടിപൊട്ടി ചിരിച്ചു. രാവിലെ 9 മണിക്ക് മാത്രം പോര വൈകിട്ട് 6 വരെയെങ്കിലും സൗജന്യ യാത്ര വേണമെന്നുമായിരുന്നു യു.ഡി.എഫ് സർക്കാരിന് ഒരു കൊട്ട് കൊടുക്കാനെന്ന മട്ടിൽ ശ്രീമതി വച്ചു കാച്ചിയത്.
ഫ്രീ യാത്രയ്ക്ക് സമയമില്ലെന്നും മുഴുവൻ സമയവും സൗജന്യമാണെന്ന് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ നാണിച്ച് ശ്രീമതി തല താഴ്ത്തി എങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നുവെന്നായി. ശ്രീമതി ടീച്ചറെ, നിങ്ങളൊരു ടീച്ചറാണെന്നാണല്ലോ പറയുന്നത്. അല്പം ലോകവിവരമൊക്കെ വേണ്ടേ. വായിൽ തോന്നുന്നത് കോതയ്ക്ക് പാടുന്നത് നല്ലതല്ല എന്ന് ഇനിയെങ്കിലും ഓർക്കുന്നത് നല്ലത്. ശ്രീമതിയൊക്കെ ആരോഗ്യ മന്ത്രിയായിരുന്നപ്പോഴത്തെ അവസ്ഥ എന്തായിരിക്കും?അയ്യോ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ!

കടപ്പുറത്ത് കിടക്കുന്ന ഷിബു ബേബി ജോണിന് വനത്തെപ്പറ്റി എന്തറിയാമെന്നാണ് മുൻമന്ത്രി എം.എം.മണിയുടെ ആക്ഷേപം. കടപ്പുറത്ത് ജനിച്ചതിൽ അഭിമാനമെന്ന് മന്ത്രി ഷിബു ബേബിജോൺ.

വി.ഡി.സതീശൻ അവതരിപ്പിക്കാൻ പോകുന്ന ബജറ്റിനെതിരെ മുൻധനമന്ത്രി തോമസ് ഐസക് ഫേസ് ബുക്കിലൂടെ രംഗത്ത് വന്നിട്ടുണ്ട്.

അതിലേക്ക് കടക്കുന്നതിന് മുമ്പ് ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ ഐസക്.
മുഖ്യമന്ത്രി തന്നെ ബജറ്റ് അവതരിപ്പിക്കുമ്പോൾ അദ്ദേഹത്തിന് കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയെപ്പറ്റി നന്നായറിയാം എന്ന് താങ്കൾക്കറിയാമല്ലോ. മുൻസർക്കാരുകളെ പോലെയല്ല, മുഖ്യമന്ത്രി, ധനകാര്യമന്ത്രികൂടിയാണ്. താങ്കൾ ധനമന്ത്രിയായിരുന്ന പ്പോൾ താങ്കൾക്കെതിരെ ബജറ്റ് ചർച്ചയിൽ നേർക്ക് നേർനിന്ന് പോരാടിയ സതീശൻ്റെ അറിവിൻ്റെ പോരാട്ട വീര്യം താങ്കൾക്ക് അറിവുള്ളതാണല്ലോ.

2026-27-ലേക്കുള്ള പൂർണ്ണ ബജറ്റും ധനവിനിയോഗ ബില്ലും നിയമസഭ പാസാക്കിക്കഴിഞ്ഞതാണ്. അതുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിക്കുക ഒരു ഭേദഗതി ബജറ്റ് ആകാനാണ് സാധ്യത. 2016-ൽ ഇതാണ് ചെയ്തതെന്ന് ഓർക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഐസക്ക് പോസ്റ്റ് തുടങ്ങുന്നത്.

വിഭവസമാഹരണത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ വലിയ പ്രചാരം ലഭിച്ച പോഡ്കാസ്റ്റിലൂടെ താഴെ പറഞ്ഞിട്ടുള്ള ഏതെങ്കിലും മാർഗ്ഗത്തിലൂടെ അധികവിഭവ സമാഹരണത്തിന് പരിപാടിയിട്ടിട്ടുണ്ടോ എന്നുള്ളതായിരിക്കും ഞാൻ ആദ്യം അന്വേഷിക്കുന്ന കാര്യങ്ങളിലൊന്നെന്നാണ് ഐസക്ക് പറയുന്നത്.

ഒന്ന്, 25000 കോടി രൂപയുടെ നികുതി കുടിശിക ഉണ്ടെന്നും അവ പിരിക്കാൻ കുറ്റകരമായ അനാസ്ഥ എൽ.ഡി.എഫ് സർക്കാർ കാണിച്ചെന്നുമായിരുന്നു ആക്ഷേപം. ഇതിൽ എത്ര കോടി രൂപ ഈ വർഷം പിരിച്ചെടുക്കും?

രണ്ട്: സ്വർണ്ണത്തിൽ നിന്നും ജി.എസ്.ടി എത്ര പിരിച്ചെടുക്കും?

മൂന്ന്: ഐ.ജി.എസ്.ടി ഫലപ്രദമായി പിരിച്ചെടുക്കാൻ എന്ത് നടപടിയാണ് സ്വീകരിക്കാൻ പോകുന്നത്? അടുത്ത അഞ്ച് വർഷംകൊണ്ട് ഐ.ജി.എസ്.ടി എത്ര കൂടുതൽ പിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു?

ഇന്ദിരാ ഗാരണ്ടി ഏതെല്ലാം നടപ്പാക്കും? എത്ര തുക ഓരോന്നിനുമായി നീക്കിവയ്ക്കുന്നുണ്ട്? ഇതിനു പണം കണ്ടെത്തുമ്പോൾ നിലവിലുള്ള സ്കീമുകൾക്കു വകയിരുത്തിയിരിക്കുന്ന തുക എത്ര വെട്ടിക്കുറയ്ക്കും? സ്ത്രീ സുരക്ഷാ സഹായ പദ്ധതിക്കുള്ള പണം വകയിരുത്തിയിരിക്കുന്നത് തുടരുമോ?

സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡി.എയുടെ കുടിശികയുടെ ഒരു ഭാഗമെങ്കിലും കൊടുക്കുമോ? ശമ്പള പരിഷ്കരണം ഉണ്ടാകുമോ?

കിഫ്ബി ഇനി വായ്പയെടുക്കേണ്ട. ബജറ്റിൽ നിന്ന് ബില്ലിനുള്ള പണം കൊടുത്തുകൊള്ളാമെന്നാണല്ലോ പറഞ്ഞിരിക്കുന്നത്. 45000 കോടി രൂപയുടെ പദ്ധതികൾ നടന്നുകൊണ്ടിരിക്കുകയാണ്. 10000 കോടി രൂപയുടെയെങ്കിലും ബില്ല് ഈ വർഷം വരും. ഈ തുക പ്രത്യേകം വകയിരുത്തിയിട്ടില്ലെങ്കിൽ അതിനർത്ഥം കിഫ്ബി ബില്ലുകൾ കുടിശികയാകും എന്നാണ്. നിർമ്മാണ പ്രവൃത്തികൾ സ്തംഭിക്കും. വിമർശിക്കുക എളുപ്പമാണ്. ക്രിയാത്മകമായി എന്തെങ്കിലും ചെയ്യുക പ്രയാസകരമാണ്. കാത്തിരുന്നു കാണാം എന്ന് പറഞ്ഞാണ് ഐസക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഐസ്ക്കേ കാത്തിരുന്ന് തന്നെ കണ്ടോളൂ. നടപ്പാക്കുന്നത് പറയുകയും പറയുന്നത് നടപ്പാക്കുകയും ചെയ്യുന്ന സർക്കാരാണിത്. താങ്കളെ പോലെ ബജറ്റിൽ പ്രഖ്യാപിച്ചിട്ട് അത് നടപ്പാക്കാത്ത ധനമന്ത്രിയല്ല പുതിയ ബജറ്റ് അവതരിപ്പിക്കുന്നത്.

താങ്കൾ ബജറ്റ് അവതരണം ഒരു ആഘോഷമായി കൊണ്ടു നടന്നയാളാണ്. ബജറ്റ് തയ്യാറാക്കാനെന്നും പറഞ്ഞ് ഒരു മാസം കോവളത്ത് മുന്തിയ ഹോട്ടലിൽ സുഖവാസം കഴിച്ച് നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചപ്പോൾ സാഹിത്യ കൃതികളിൽ നിന്ന് ഈരടികൾ മെമ്പൊടിയായി ചേർത്ത് താനൊരു ബുദ്ധിശാലിയാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് കേരളം മറന്നിട്ടില്ല.

ബുദ്ധി പ്രയോഗിക്കേണ്ടത് ജനങ്ങളുടെ ക്ഷേമത്തിലാണെന്ന തത്വം അതാണ് ബജറ്റ് വിഭാവന ചെയ്യേണ്ടത്. നമുക്ക് കാത്തിരുന്ന് കാണുന്നതാണ് നല്ലത്

Leave a Reply

Your email address will not be published. Required fields are marked *