സർക്കാരിനെതിരെ സി.പി.എം നുണപ്രചരിപ്പിക്കുന്നു: മുഖ്യമന്ത്രി

Share
Image

യു.ഡി.എഫ്
സര്‍ക്കാരിനെതിരെ സി.പി.എം നുണക്കഥകൾ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരു മാസം തികയുന്നതിന് മുമ്പ് പ്രതിപക്ഷം കള്ളപ്രചരണമാണ് നടത്തുന്നത്. സി.പി.എം സംഘടനാ നേതാവ് ഉള്‍പ്പെടെ നാല് വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തിട്ടും അതു തെറ്റാണെന്ന് പറയാന്‍ അന്നത്തെ മുഖ്യമന്ത്രി തയാറായില്ല. അന്ന് ഒരു അക്ഷരം പോലും മിണ്ടാതിരുന്ന ആളാണ് ഇപ്പോള്‍ പ്രതിപക്ഷത്തിരുന്ന് എന്നെ വിമര്‍ശിക്കുന്നത്. അന്നത്തെ ഉന്നത വിദ്യാഭ്യാസമന്ത്രിയും വി.സിമാര്‍ ആര്‍.എസ്.എസ് പരിപാടിയില്‍ പോകുന്നതില്‍ തെറ്റില്ലെന്ന് പറഞ്ഞു. ഇതൊന്നും ഇത്ര വേഗത്തില്‍ മറുന്നു പോകരുതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പൊതുജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്ന് മനസിലാക്കണം.

തൂഫാന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുന്ന ആഭ്യന്തരവകുപ്പ് മന്ത്രിയുടെ സ്റ്റാഫിലേക്ക് കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ടയാളെ നിയമിച്ചെന്നത് പച്ചക്കള്ളമാണ്. ഇല്ലാത്ത കഥകളുണ്ടാക്കുകയാണ്. ചില മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയാണ്.

കെ.എസ്.ആര്‍.ടി.സിയില്‍ ഓര്‍ഡിനറി ബസുകള്‍ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റിയെന്ന് ചില വ്യാജ പ്രചരണം നടത്തി. ഒരു ബസ് പോലും അങ്ങനെ മാറ്റിയിട്ടില്ല. പലയിടത്തും സിറ്റി ഫാസ്റ്റ് ഓര്‍ഡിനറിയാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കായുള്ള സൗജന്യ യാത്രാ പദ്ധതിയുടെ ശോഭ കെടുത്താന്‍ പച്ചക്കള്ളം പ്രചരിപ്പിക്കുകയാണ്. സൗജന്യ യാത്രാ പദ്ധതി വന്‍ വിജയമാണെന്നും സ്ത്രീ യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പറഞ്ഞു.എന്നിട്ടും ചിലര്‍ നുണ പ്രചരിപ്പിക്കുകയാണ്.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ സഹകരണ സ്ഥാപനങ്ങളിലെ ഫീസ് വര്‍ദ്ധിപ്പിച്ചെന്നതാണ് മറ്റൊരു നുണ. ഫെബ്രുവരിയില്‍ കഴിഞ്ഞ സര്‍ക്കാരാണ് ഫീസ് വര്‍ദ്ധിപ്പിച്ചത് ഈ സര്‍ക്കാര്‍ ഒരു രൂപ പോലും വര്‍ ദ്ധിപ്പിച്ചിട്ടില്ല. എന്നിട്ടും വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഇടുക്കിയിലെ പരിസ്ഥിതി ലോല മേഖല സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം മുന്‍സര്‍ക്കാരിന്റെ കാലത്തുണ്ടായ നടപടികളുടെ തുടര്‍ച്ചയാണ്. 2024-ലും 2025-ലും കേന്ദ്രത്തിന് മുന്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടുകളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ഇക്കാര്യത്തില്‍ കേന്ദ്രവുമായി യാതൊരു ഇടപെടലും ഈ സര്‍ക്കാര്‍ നടത്തിയിട്ടില്ല. എന്നിട്ടും വി.ഡി സതീശന്‍ സര്‍ക്കാര്‍ വന്നയുടന്‍ ഇടുക്കിയില്‍ പരിസ്ഥിതി ലോല വിജ്ഞാപനം പുറപ്പെടുവിച്ചെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. സര്‍ക്കാര്‍ ഒരു മാസം തികയുന്നതിന് മുമ്പേ നുണ പ്രചരിപ്പിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ റേഷന്‍ മുടങ്ങിയെന്നതും വ്യാജപ്രചരണമാണ്.

പി.ആര്‍.ഡിയുടെ കൂടി സഹായത്തോടെയാണ് ഒരു സംഘം കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി വ്യപകമായ നുണ പ്രചരണം നടത്തിയത്. ഇരുണ്ടകാലമെന്നും എനിക്കെതിരെ വ്യക്തിപരമായും നടത്തിയ പ്രചരണങ്ങളൊക്കെ പി.ആര്‍.ഡി ഉദ്യോഗസ്ഥരുടെ പിന്തുണയോടെയായിരുന്നു. സര്‍ക്കാരിന്റെ ചെലവിലാണ് അന്ന് പ്രതിപക്ഷത്തിന് എതിരെ പ്രചരണം നടത്തിയത്. അതൊക്കെ ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടാണ് ജനങ്ങള്‍ ഞങ്ങളെ അധികാരത്തില്‍ കൊണ്ടുവന്നത്. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പ്രചരണം നടത്തിയിട്ടുണ്ടെങ്കില്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും.

തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ സര്‍ക്കാര്‍ അത് തിരുത്തും. സര്‍ക്കാര്‍ പ്ലീഡര്‍ നിയമനത്തില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ആ തെറ്റ് തിരുത്തിയിട്ടുണ്ട്. തെറ്റ് തിരുത്തിയെങ്കിലും അതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് മാത്രമാണ്. പേര് നല്‍കിയതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്താനില്ല. അഭിഭാഷകരെ നിയമിക്കുമ്പോള്‍ അവര്‍ മുമ്പ് ഹാജരായ എല്ലാ കേസുകളും പൂര്‍ണമായി പരിശോധിക്കുന്നത് പ്രായോഗികമല്ലെങ്കിലും വിജിലന്‍സ് ക്ലിയറന്‍സ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും സംഭവിച്ച തിരുത്തലിന്റെ പൂര്‍ണ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ സ്‌ക്രീന്‍ ഷോട്ട് ഉണ്ടാക്കി വടകരയില്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫിയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിച്ചത്. അതിനെ കുറിച്ച് ഇപ്പോള്‍ അന്വേഷിക്കണ്ടേ? തിരഞ്ഞെടുപ്പിന് മുമ്പ് എന്തൊരു കാപട്യമാണ് സി.പി.എം കാട്ടിയത്. സംഘ്പരിവാര്‍ ചെയ്യുന്ന അതേ പരിപാടിയാണ് സി.പി.എമ്മും ചെയ്തത്. അത് പിടിക്കാതിരിക്കാന്‍ കഴിയില്ല. വിമാനത്തില്‍ വച്ച് മുദ്രാവാക്യം വിളിച്ചതിനാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഇ.പി ജയരാജനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. എന്നിട്ടും കേസെടുത്തില്ല. കേസെടുക്കണമെന്ന് കോടതിയാണ് ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എം ചെയ്തുകൂട്ടിയ വൃത്തികേടുകളുടെയും കാപട്യത്തിന്റെയും മുഖംമൂടിയാണ് അഴിഞ്ഞു വീഴുന്നത്.

സ്ത്രീ സുരക്ഷാ പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ല. അത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ല. പത്ത് വര്‍ഷമുണ്ടായിട്ടും തദ്ദേശ തിരഞ്ഞടുപ്പില്‍ തോറ്റ് നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് സ്ത്രീ സുരക്ഷാ പദ്ധതി പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ പദ്ധതിയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചും പരിശോധിക്കേണ്ടതുണ്ട്.

1600 രൂപയുടെ പെന്‍ഷന്‍ 2500 ആക്കുമെന്ന് അഞ്ച് വര്‍ഷം മുമ്പ് ഉറപ്പ് നല്‍കിയിട്ടും നാലേമുക്കാല്‍ കൊല്ലവും ഒന്നും ചെയ്തില്ല. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നാണ് 400 രൂപ കൂട്ടിയത്. ആ പണം വാങ്ങിയ ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *