എൽ ബി എസ് സെന്ററിന്റെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുരയിലെ എൽ ബി എസ് വനിത എൻജിനിയറിങ് കോളേജിനും കാസറഗോഡ് എൻജിനിയറിങ് കോളേജിനും കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബ് അനുവദിച്ച് ഉത്തരവായി.
മുഴുവൻ സമയവും പ്രവർത്തിക്കുന്ന 5000 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ലാബാണ് ഐഡിയ സ്‌കീമിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. സാങ്കേതിക രംഗത്തുള്ള മാറ്റത്തിനനുസരിച്ച് വിദ്യാർത്ഥികളേയും ഗവേഷകരേയും നൈപുണ്യ വികസനത്തിലൂടെ തൊഴിൽ നേടാനും സംരംഭകരാവാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മേക്ക് ഇൻ ഇന്ത്യയുടേയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ലേസർ കട്ടിംഗ് മെഷീൻ, സി.എൻ.സി റൂട്ടർ, പി.സി.ബി ബിൽഡിംഗ് മെഷീൻ, പി.സി.ബി പ്രോട്ടോടൈപ്പ് മെഷീൻ, കമ്പ്യൂട്ടർ വർക്ക് സ്റ്റേഷൻ, സ്മാർട്ട് ബോർഡ്, എച്ച്.ഡി പ്രിന്റർ, മിനി ഡെസ്‌ക്ടോപ്പ് മെഷീൻ, മിക്‌സഡ് സിഗ്‌നൽ ഓസിലോസ്‌കോപ്പ് എന്നീ ഉപകരണങ്ങൾ ഉൾപ്പെടുന്ന മികച്ച സജ്ജീകരണങ്ങളാണ് ഐഡിയ ലാബിൽ ഉള്ളത്.
തദ്ദേശീയ പ്രശ്‌നങ്ങളെ കണ്ടെത്തി അവയെ വിദ്യാർത്ഥികളേയും ഗവേഷകരേയും വ്യവസായ സംരംഭങ്ങളേയും ഏകോപിപ്പിച്ച് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിഹരിക്കുക പദ്ധതിയുടെ പ്രധാന ഉദ്ദേശമാണ്. ഇതിനായി കേരളത്തിലെ വിവിധ ഗവേഷണ സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി സഹകരിച്ച് പദ്ധതി മുന്നോട്ടു പോകും. ഈ പദ്ധതിയുടെ ഭാഗമായി വർക്ക്‌ഷോപ്പുകളും ഐഡിയേഷൻ സെഷനും ബൂട്ട് ക്യാമ്പുകളും ടെക്‌നിക്കൽ ഫെസ്റ്റിവലുകളും നടത്തപ്പെടും. ഒരു കോടി രൂപയാണ് ഐഡിയ ലാബിനുള്ള ധനസഹായം.