ജോലി എന്ന സ്വപ്‌നവുമായി ജീവിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകാൻ ആലപ്പുഴയുടെ വിജ്ഞാന ആലപ്പുഴ പദ്ധതി. ജില്ലാ പഞ്ചായത്തിന്റെ വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി ഒന്നിന് നടത്തുന്ന മെഗാ തൊഴില്‍മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴ എസ്.ഡി കോളേജില്‍ ഉദ്ഘാടനം ചെയ്യും.പദ്ധതിയുടെ ഭാഗമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം (ഡി ഡബ്ല്യു എം എസ്) എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ജില്ലയില്‍ ഇതുവരെ 1.20 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
1.20 ലക്ഷം ആളുകളില്‍ നിന്നും തൊഴിലന്വേഷകരായി 27,000 ത്തോളം ആളുകളുണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കെ-ഡിസ്‌കുമായി സഹകരിക്കുന്ന വിവിധ തൊഴില്‍ സമാഹരണ ഏജന്‍സികളിലൂടെയാണ് തൊഴിലവസരങ്ങൾ ഒരുക്കിയിരിക്കുന്നത്. നാല് ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിരിക്കുന്നത്. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിവിധ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ചുള്ള തൊഴിലവസരങ്ങളാണുള്ളത്. ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കരിയര്‍ ജോബ് ഡ്രൈവുകളും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും. വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗാര്ഥികള്ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ തൊഴിൽമേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഡി ഡബ്ല്യൂ എം എസ് പോര്‍ട്ടല്‍ വഴിയോ പ്ലേ സ്റ്റോറില്‍ നിന്ന് ഡി ഡബ്ല്യൂ എം എസ് കണക്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: https:knoweldgemission .kerala .gov.in/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.