ശുചീകരണ തൊഴിലാളികൾക്കായി ദേശീയ സഫായി കരം ചാരീസ് കമ്മീഷനും ഇന്ത്യ പോസ്റ്റ് ഡിപ്പാർട്ട്‌മെന്റും സംയുക്തമായി അന്ത്യോദയ ശ്രമിക് സുരക്ഷപ യോജന എന്ന പേരിൽ പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചതായി ദേശീയ സഫായി കരംചാരീസ് കമ്മീഷൻ അംഗം ഡോ.പി.പി വാവ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെയും യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
499 രൂപയാണ് അന്ത്യോദയ ശ്രമിക് സുരക്ഷ യോജന ഇൻഷ്വറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയം തുക. ദേശീയ സഫായി കരംചാരീസ് ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ വഴി കാർഷിക-വ്യവസായ-സേവനമേഖലകളിൽ ശുചീകരണ തൊഴിലാളികൾക്കായി സ്വയംതൊഴിൽ പരിശീലന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നടപ്പാക്കുന്നുണ്ടെന്നും ഡോ.പി.പി വാവ പറഞ്ഞു.