ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തുന്ന വിദേശികൾക്ക് പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

Share

വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Ad 4

ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, രോഗ നിർമാർജനം എന്നിവയ്ക്കാണ് ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖല ഏറ്റവും പ്രാധാന്യം നൽകുന്നത്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിൽ ജീവിതശൈലീ രോഗ പ്രതിരോധം, കാൻസർ കെയർ പ്രോഗ്രാം, ഹെൽത്തി ലൈഫ് കാമ്പയിൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. അതിൽ ആയുഷ് മേഖലയ്ക്ക് വലിയ സ്ഥാനമാണുള്ളത്.

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ യോഗയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ആരംഭിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പൊതുബോധം ഇതിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു. ധാരാളം സ്ത്രീകളും ചെറുപ്പക്കാരും യോഗ ക്ലബ്ബിലേക്ക് എത്തുന്നത് വലിയ രീതിയിൽ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്.