മത്സ്യസമ്പദ് വർധനവിലൂടെ കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. വിഴിഞ്ഞം ഹാർബറിലെ നോർത്ത് വാർഫിൽ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കൃത്രിമപാരുകൾ നിക്ഷേപിക്കുന്ന പ്രവർത്തികൾ ഫ്ളാഗ് ഓഫ് ചെയ്തു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യവും ഉപജീവനമാർഗവും മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ സമഗ്രമായ മാറ്റം വരുത്താൻ സാധിച്ചതായും കഴിഞ്ഞ ഏഴര വർഷക്കാലത്തിൽ സർക്കാരുകൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകിയത് മത്സ്യബന്ധന മേഖലയ്ക്കാണെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യം, വിദ്യാഭ്യാസം, ഭവന നിർമാണം, ക്ഷേമപ്രവർത്തനം, തീരസംരക്ഷണം തുടങ്ങി തീരദേശമേഖലയിലെ സമഗ്ര വികസനത്തിന് മികച്ച പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇൻസ്പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു.
പ്രധാനമന്ത്രി മത്സ്യസമ്പാദന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി കൃത്രിമപാരുകൾ സ്ഥാപിക്കുന്നതിലൂടെ കേരളത്തിന്റെ സുസ്ഥിര മത്സ്യബന്ധന വികസനവും ഉപജീവന മാർഗവും പ്രോത്സാഹിപ്പിക്കുന്നതിനായി 13.02 കോടി രൂപയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിനിയോഗിക്കുന്നത്. പദ്ധതിയുടെ 60 ശതമാനം തുകയായ 7.812 കോടി രൂപ കേന്ദ്രവിഹിതവും 40 ശതമാനം തുകയായ 5.208 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷനാണ് പദ്ധതി നിർവഹണത്തിന്റെ ചുമതല.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ വർക്കല വരെയുള്ള 42 മത്സ്യഗ്രാമങ്ങളിലായി 6,300 കൃത്രിമ പാരുകളാണ് നിക്ഷേപിക്കുന്നത്. ത്രികോണ ആകൃതിയിൽ 80 എണ്ണവും, പൂക്കളുടെ ആകൃതിയിൽ 35 എണ്ണവും, പൈപ്പ് ആകൃതിയിൽ 35 എണ്ണവും ഉൾപ്പെടെ ഓരോ സ്ഥലത്തും മൂന്ന് ഇനങ്ങളിലായി 150 കൃത്രിമ പാരുകളുടെ മോഡ്യൂളുകളാണ് സ്ഥാപിക്കുന്നത്.