പി. ആർ. ഡിയിൽ അവസരം: അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 5

Share

തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ഡയറക്ട്രേറ്റിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ പാനലുകളും തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലും രൂപീകരിക്കുന്നത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷ absoluteprism@gmail.com ൽ സെപ്റ്റംബർ 5നകം ലഭിക്കണം. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത സർവകലാശാല ബിരുദവും ഉള്ളവർക്ക് സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കാം. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷ നൽകാം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം.

 കണ്ടന്റ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സർവകലാശാല ബിരുദമുണ്ടാവണം. വീഡിയോ, കണ്ടന്റ് എഡിറ്റിംഗ് പ്രാവീണ്യം വേണം. വീഡിയോ എഡിറ്റിംഗ് പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ളോമയുമാണ് ഇൻഫർമേഷൻ അസിസ്റ്റന്റിന്റെ യോഗ്യത. അല്ലെങ്കിൽ ജേണലിസം, പബ്ളിക് റിലേഷൻസ്, മാസ് കമ്മ്യൂണിക്കേഷനിൽ അംഗീകൃത ബിരുദമുണ്ടാവണം. പത്രദൃശ്യമാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. 2024 മാർച്ച് വരെയാണ് പാനലുകളുടെ കാലാവധി. വിജ്ഞാപനം www.prd.kerala.gov.in ൽ ലഭ്യമാണ്.