കേരള സ്റ്റാർട്ടപ്പ് മിഷൻ ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Share

കേരള സ്റ്റാർട്ടപ്പ് മിഷന്റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ലീപ് അംഗത്വ കാർഡിന്റെ പ്രകാശനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ഐ.ടി, ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക, ടെക്നോപാർക്ക് സിഇഒ സജീവ് നായർ, ദിനേശ് തമ്പി, എസ് ടി പി ഐ ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

സ്റ്റാർട്ടപ്പ് ഇൻകുബേഷൻ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവർ, ആക്സിലറേറ്റ്, പ്രോസ്പർ) കോ-വർക്കിംഗ് സ്പെയ്സികളെന്ന് പുനർനാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് സ്റ്റാർട്ടപ്പ് മിഷൻ പദ്ധതിയിട്ടിരിക്കുന്നത്.  പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാർട്ടപ്പുകൾക്കാണ് അംഗത്വ കാർഡ് ലഭ്യമാകുക.
ലീപ് അംഗത്വ കാർഡിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ സബ്സിഡിയോടെ ഉപയോഗിക്കാൻ കഴിയും.  അംഗത്വ കാർഡിന് ഒരു വർഷത്തെ കാലാവധിയാണുള്ളത്.  സ്റ്റാർട്ടപ്പുകൾ, പ്രൊഫഷണലുകൾ, ഏയ്ഞ്ചൽ നിക്ഷേപകർ, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ തുടങ്ങിയവർക്ക് ലീപ് അംഗത്വ കാർഡുകൾ ലഭിക്കും.
അനുയോജ്യമായ വർക്ക് സ്റ്റേഷനുകൾ മുൻകൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെ എസ് യു എമ്മിന്റെ എല്ലാ ഇൻക്യുബേഷൻ  കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡിൽ ഗ്ലോബൽ ഉൾപ്പെടെയുള്ള കെ എസ് യു എമ്മിന്റെ എല്ലാ പരിപാടികളിലുമുള്ള പങ്കാളിത്തം, പരിപാടികളിൽ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്റേൺഷിപ്പുകൾക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാർട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാർഡിലൂടെ ലഭിക്കും.
സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ് സെന്ററുകളിൽ രജിസ്റ്റർ ചെയ്യാം.  മികച്ച രീതിയിൽ രൂപകൽപന ചെയ്ത തൊഴിലിടങ്ങൾ, അതിവേഗ ഇന്റർനെറ്റ്, മീറ്റിംഗ് റൂമുകൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ ലീപ്പിലുണ്ടാകും.  പ്രൊഫഷണലുകൾക്ക് ദിവസ-മാസ വ്യവസ്ഥയിൽ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ ആവശ്യാനുസരണം ഉപയോഗിക്കാം.  വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകൾക്കും ഈ സൗകര്യം ഗുണകരമാകും. 
സ്റ്റാർട്ടപ്പുകൾക്കുള്ള മാർഗനിർദ്ദേശം നൽകൽ, ബിസിനസ് ഡവലപ്മെന്റ് സഹായം, ഫണ്ടിങ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും.  സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമുള്ള ഗ്രാന്റുകൾ, വായ്പകൾ, മാർക്കറ്റ് ആക്സസ്, മെന്റേഴ്സ് കണക്ട്, ഇൻവെസ്റ്റർ കണക്റ്റ് തുടങ്ങിയ കെ എസ് യു എം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.