ന്യൂഡല്‍ഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍നിന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഇടപെടലില്‍
ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്മാര് ഡല്‍ഹിയിലെത്തി. രക്ഷാദൗത്യത്തിന് നേതൃത്വം നല്കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഇന്ത്യന്‍ സംഘത്തെ യാത്രയാക്കി. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ യാത്ര തുടരുകയായിരുന്നു.
അഭിമാനവും ആഹ്ലാദവും നല്കുന്ന നിമിഷമെന്ന് വി. മുരളീധരന് പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്കിയ
സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.
ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരന് നന്ദി പറഞ്ഞു. നേവിയുടെ ഐ.എന്‍.എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. മുരളീധരന് നേതൃത്വം നല്കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.