കൊച്ചി: പ്രധാന മന്ത്രിയുടെ സുരക്ഷാ പദ്ധതികൾ ചോർന്ന സംഭവം ആഭ്യന്തര വകുപ്പിന്റെ വലിയ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. ബി.ജെ.പി നേതാക്കൾ മാത്രമല്ല, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അത്തരമൊരു നിലപാടാണ് പങ്കു വച്ചത്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യ മന്ത്രി പിണറായി വിജയൻ ഇക്കാര്യം വിശദീക /രിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഭരിക്കാൻ നേരമില്ലെങ്കിൽ ആഭ്യന്തരവകുപ്പ് ഒഴിയാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
കേരള പൊലീസിന്റെ പൊളിറ്റിക്കൽ ബോസിന്റെ പരാജയമാണിതെന്ന് എൻ.ഐ.എ മുൻ എസ്.പി. ടി.കെ രാജ്മോഹൻ പറഞ്ഞു. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാവീഴ്ച ലാഘവ ബുദ്ധിയോടെ കാണാനാവില്ല. രഹസ്യമാക്കി വയ്ക്കേണ്ടത് പുറം ലോകം അറിയാൻ പാടില്ല. പ്രധാനമന്ത്രി അടക്കമുള്ളവർക്ക് പലപ്പൊഴും സുരക്ഷാ ഭീഷണികൾ ഉണ്ടാകാറുണ്ട്. അത് വ്യാജമാണെങ്കിൽ പോലും ഗൗരവമായി അന്വേഷിക്കും. കഴമ്പില്ലെന്ന് ഉറപ്പു വരുത്തും. ഇതൊന്നും പുറത്ത് ആരും അറിയാറില്ല. ഇവിടെ ഭീഷണി കത്തുമാത്രമല്ല, പ്രധാനമന്ത്രിയുടെ സുരക്ഷാ സംവിധാനം സംബന്ധിച്ച വിവരങ്ങൾ പോലും ചോർന്നു. ഇക്കാര്യത്തിൽ ആരാണ് ഉത്തരവാദിയെന്ന് കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും രാജ്മോഹൻ ആവശ്യപ്പെട്ടു.
സംഭവം സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ബി.ജെ.പി അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.